സർവകക്ഷി യോഗത്തിൽ വാക്കേറ്റവും ബഹളവും; യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി - മുഖ്യമന്ത്രി വിളിക്കാതെ സമാധാന യോഗത്തിനില്ലെന്ന് കോണ്‍ഗ്രസ്

സർവകക്ഷി യോഗത്തിൽ വാക്കേറ്റവും ബഹളവും; യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി

shuhaib murder , shuhaib murder case , Congress , kannur , UDF , യുഡിഎഫ് , സതീശൻ പാച്ചേനി , പി ജയരാജന്‍ , മന്ത്രി ബാലൻ , പിണറായി വിജയന്‍
കണ്ണൂർ| jibin| Last Modified ബുധന്‍, 21 ഫെബ്രുവരി 2018 (11:38 IST)
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധത്തെ തുടർന്ന് കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിൽ നിന്നും യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി.

കണ്ണൂരിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനായി മന്ത്രി എകെ ബാലന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് യുഡിഎഫ് യോഗം ബഹിഷ്കരിക്കുകയുമായിരുന്നു.

ചടങ്ങില്‍ കെകെ രാകേഷ് എംപി പങ്കെടുത്തതാണ് സതീശന്‍ പാച്ചേനിയെ ചൊടിപ്പിച്ചത്. പ്രതിപക്ഷ പ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് രാകേഷ് യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ഡയസില്‍ ഇരുത്തരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത് പി ജയരാജന്‍ ശബ്ദമുയര്‍ത്തിയതോടെ നേതാക്കള്‍ വാഗ്വാദം ആരംഭിക്കുകയായിരുന്നു.


എംപി എന്ന നിലയിലാണു രാഗേഷിനെ വേദിയിലിരിലുത്തിയതെന്നു വ്യക്തമാക്കിയതോടെ എംഎൽഎമാരായ കെസി ജോസഫ്, സണ്ണി ജോസഫ്, കെഎം ഷാജി എന്നിവരും വേദിയിലെത്തി തങ്ങൾക്കും ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെട്ടു ബഹളമുണ്ടാക്കുകയും തുടര്‍ന്ന് സമാധാന യോഗം ബഹിഷ്‌കരിക്കുകയും ചെയ്‌തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിക്കാതെ ഇനി സമാധാന യോഗത്തിനില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :