വാക്കേറ്റത്തിനിടെ പോയി ചാകെന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ല : ഹൈക്കോടതി

Highcourt
അഭിറാം മനോഹർ|
വാക്കേറ്റത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ലെന്ന് ഹൈക്കോടതി. വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശത്തോടെയല്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. കാസര്‍കോട് സ്വദേശിനി അഞ്ചര വയസ്സുള്ള മകളൂമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയ കേസില്‍ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയാണ് കോടതിയുടെ നിരീക്ഷണം.

അധ്യാപകനായ ഹര്‍ജിക്കാരന് സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹര്‍ജിക്കാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി വിവരം കിട്ടിയതോടെ യുവതിയുമായി തര്‍ക്കത്തിലാവുകയും എന്നാല്‍ പോയി ചാകു എന്ന് യുവാവ് പറയുകയും ചെയ്തു. ഇതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 2023ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസ് പരിഗണിച്ച ഹൈക്കോടതി വൈകാരികമായ സാഹചര്യത്തില്‍ പെട്ടെന്ന് പറഞ്ഞ വാക്കുകള്‍ മാത്രം നിയമപരമായി 'പ്രേരണ'യായി കണക്കാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 306 (ആത്മഹത്യയ്ക്ക് പ്രേരണ) പ്രയോഗിക്കാന്‍, പ്രതിക്ക് ചെയ്യാന്‍ ഉദ്ദേശപൂര്‍വം പ്രേരിപ്പിച്ചുവെന്നോ അതിനായി ബോധപൂര്‍വമായ പ്രവര്‍ത്തനം നടത്തിയെന്നോ തെളിയിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണ വാക്കേറ്റങ്ങളില്‍ ഉയരുന്ന കടുത്ത വാക്കുകള്‍ ആത്മഹത്യയ്ക്ക് നേരിട്ടുള്ള കാരണമെന്ന നിലയില്‍ സ്വതവേ അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി പ്രതിയെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :