അഭിറാം മനോഹർ|
Last Updated:
ബുധന്‍, 21 മെയ് 2025 (18:05 IST)
സംസ്ഥാനത്ത് ദേശീയപാത തകര്‍ന്ന സംഭവങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. കനത്ത മഴയ്ക്ക് പിന്നാലെ മലപ്പുറം കൂരിയാട് പാത തകരുകയും മറ്റ് പലയിടങ്ങളിലും വിള്ളല്‍ വീഴുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ ടി മുഹമ്മദ് ബഷീര്‍ ഗഡ്കരിയെ സന്ദര്‍ശിച്ചത്.
ദേശീയ പാത 66ല്‍ കൂരിയാട് ഭാഗത്തുണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. നിര്‍മാണം നടക്കുന്ന ഈ ഭാഗത്തുണ്ടായ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിര്‍മാണത്തിലെ ഗൗരവകരമായ പിഴവുകള്‍ കൊണ്ടാണ് റോഡ് തകര്‍ന്നതെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രിയോട് പറഞ്ഞു. ഗഡ്കരിയെ കണ്ടതിന് പിന്നാലെ ഇ ടി മുഹംംമദ് ബഷീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയില്‍ ഇത്തരം അപകടങ്ങള്‍ പതിവായി മാറിയെന്നും കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും അവഗണിച്ചുള്ള നിര്‍മാണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.