കമ്പം കാട്ടുപള്ളി വാസലില്‍ പടക്കം ശാലയില്‍ തീപിടുത്തം; രണ്ടുപേര്‍ മരിച്ചു
കമ്പം കാട്ടുപള്ളി വാസലില്‍ പടക്കം ശാലയില്‍ തീപിടുത്തം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇന്ന് രാവിലെ പടക്ക ശാല തുറന്നപ്പോഴാണ് തീ പിടിത്തം ഉണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി പടക്ക നിര്‍മ്മാണശാല അടച്ചിട്ടിരിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
കമ്പം സ്വദേശികളായ സൂര്യ, ദീനദയാനന്‍ എന്നിവരാണ് മരണപ്പെട്ടത്. സംഭവ സമയത്ത് നാലുപേരാണ് സ്ഥലത്തുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അതേസമയം തൃശൂര്‍ പാവറട്ടി തിരുന്നാളിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന സാംപിള്‍ വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
തിരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഇന്ന് കൂടുതുറക്കല്‍ സമയത്ത് മാത്രമേ നടത്താന്‍ അനുമതിയുള്ളൂ. ശനിയാഴ്ച വൈകിട്ട് നടക്കുന്ന കുര്‍ബാനയ്ക്കും കൂടുതുറക്കലിനു ശേഷമാണ് വെടിക്കെട്ട് നടക്കുക. എന്നാല്‍ മുന്‍പ് തീരുമാനിച്ച വിധമുള്ള ശേഷിയില്‍ വെടിക്കെട്ട് നടത്താന്‍ സാധിക്കില്ല. നേരത്തെ നിശ്ചയിച്ചതിലും പകുതി മാത്രമേ ശനിയാഴ്ച പൊട്ടിക്കാന്‍ അനുമതിയുള്ളൂ. ഞായറാഴ്ച രാത്രിയിലെ വെടിക്കെട്ടിനും അനുമതിയില്ല.