നിയമസഭ തിരഞ്ഞെടുപ്പ് 2026: ആപ്പുകൾ സജ്ജമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയും വേഗതയും ഉറപ്പാക്കുന്നതില്‍ ഈ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Assembly Elections 2026,cVIGIL app,SUVIDHA app,Election Commission India
അഭിറാം മനോഹർ| Last Modified ബുധന്‍, 18 മാര്‍ച്ച് 2026 (19:21 IST)
സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ . പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ പരിഗണിക്കുന്നതിനും സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആവശ്യമായ അനുമതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായി 'സി-വിജില്‍' (cVIGIL), 'സുവിധ' (SUVIDHA) എന്നീ ആപ്പുകള്‍ സജ്ജമായി.

പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ 'സി-വിജില്‍'

തിരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന നിയമലംഘനങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പൊതുജനങ്ങള്‍ക്ക് 'സി-വിജില്‍' ആപ്പ് ഉപയോഗിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ പകര്‍ത്തി വിശദീകരണത്തോടെ ആപ്പിലൂടെ അപ്ലോഡ് ചെയ്യാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഏത് പൗരനും പരാതി രജിസ്റ്റര്‍ ചെയ്യാം. ലഭിക്കുന്ന പരാതികള്‍ക്ക് 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് അധികാരികള്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും 'സുവിധ'

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികള്‍ ലളിതമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് 'സുവിധ'. പ്രധാനമായും സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന ഈ സംവിധാനം വഴി റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ആവശ്യമായ അനുമതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കാം. പോലീസ് അനുമതി, വേദി ഉപയോഗാനുമതി, ശബ്ദ സംവിധാന അനുമതി തുടങ്ങിയവ ഒരൊറ്റ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകുന്നതാണ് സുവിധയുടെ പ്രത്യേകത.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയും വേഗതയും ഉറപ്പാക്കുന്നതില്‍ ഈ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :