അഭിറാം മനോഹർ|
Last Modified ശനി, 24 ജനുവരി 2026 (18:20 IST)
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ യുഡിഎഫ് സീറ്റ് വിഭജനത്തില്‍ നിര്‍ണ്ണായക ധാരണ. ദീര്‍ഘകാലമായി കോണ്‍ഗ്രസ് മത്സരിക്കുന്ന പട്ടാമ്പി നിയമസഭാ മണ്ഡലം ഇത്തവണ മുസ്ലിം ലീഗിന് വിട്ടുനല്‍കാനും, പകരം ലീഗ് മത്സരിക്കുന്ന കോങ്ങാട് മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കാനും ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി മേഖലയില്‍ മുസ്ലിം ലീഗ് കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ സീറ്റ് വെച്ചുമാറ്റത്തിന് പ്രധാന കാരണമായത്.
പട്ടാമ്പി സീറ്റില്‍ തങ്ങള്‍ക്കുള്ള സ്വാധീനം വര്‍ദ്ധിച്ചുവെന്ന വിലയിരുത്തലിലാണ് ലീഗ്
മണ്ഡലം ആവശ്യപ്പെട്ടത്. നിലവില്‍ എം.എ. സമദിന്റെ പേരിനാണ് മുസ്ലിം ലീഗില്‍ മുന്‍ഗണന കല്‍പ്പിക്കുന്നത്. ഇതിന് പുറമെ ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, അബ്ദുല്‍ റഷീദ് എന്നിവരുടെ പേരുകളും പട്ടാമ്പിയിലേക്ക് പരിഗണിക്കുന്നുണ്ട്. യുഡിഎഫ് കോട്ടയായിരുന്ന പട്ടാമ്പി കഴിഞ്ഞ രണ്ട് തവണയായി ഇടത് മുന്നണിക്കൊപ്പമാണ്. ലീഗിന്റെ സംഘടനാ ശക്തിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.
സംവരണ മണ്ഡലമായ കോങ്ങാട് തിരിച്ചുപിടിക്കാന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചന. കെപിസിസി ജനറല്‍ സെക്രട്ടറി തുളസി ടീച്ചര്‍, മുന്‍ എംപി രമ്യ ഹരിദാസ്, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ വിപിന്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് പാളയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ലീഗിന് പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എത്തുന്നതോടെ മണ്ഡലത്തിലെ വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു.