അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഫെബ്രുവരി 2026 (17:28 IST)
തിരുവനന്തപുരം: കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ ആഗോള ഗവേഷണ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സുപ്രധാന പദ്ധതിയായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആയുര്‍വേദ രംഗത്ത് ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ രൂപകല്‍പ്പന ചെയ്ത സ്ഥാപനത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവനയെന്നാണ് വിശേഷിപ്പിച്ചത്.
ആയുര്‍വേദത്തിന്റെ പുരാതന വിജ്ഞാനവും ആധുനിക ശാസ്ത്രീയ ഗവേഷണ രീതികളും ഏകീകരിച്ച് ആഗോള മികവിന്റെ കേന്ദ്രമായി മാറുക എന്നതാണ് ഐആര്‍ഐഎയുടെ ലക്ഷ്യം. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത അറിവുകള്‍ ശേഖരിച്ച് സംരക്ഷിക്കുന്നതോടൊപ്പം ഭാവി തലമുറയ്ക്കായി ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള പഠന-ഗവേഷണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ പ്രമുഖ ആരോഗ്യ-ഗവേഷണ സ്ഥാപനങ്ങളുമായി സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ട വികസനത്തിന് 200 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, മോഡല്‍ പേഷ്യന്റ് കെയര്‍ സെന്റര്‍, താളിയോല പഠനകേന്ദ്രം, അഡ്വാന്‍സ്ഡ് മെഡിസിനല്‍ പ്ലാന്റ് നഴ്‌സറി എന്നിവയാണ് ആദ്യഘട്ട സൗകര്യങ്ങള്‍. തുടക്കത്തില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഡീജനറേറ്റീവ് രോഗങ്ങളുടെ ഗവേഷണത്തിനും ചികിത്സാ വികസനത്തിനും മുന്‍ഗണന നല്‍കും. മലബാര്‍ കാന്‍സര്‍ സെന്ററുമായി ഗവേഷണ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.
ആയുര്‍വേദ ഗവേഷണത്തിലെ നിര്‍ണായക മേഖലകളെ ലക്ഷ്യമിട്ട് ആറു പ്രത്യേക വകുപ്പുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആയുര്‍വേദ തത്വങ്ങളെ ജനിതകശാസ്ത്രം, സെല്‍ ബയോളജി തുടങ്ങിയ ആധുനിക ശാസ്ത്രീയ രീതികളിലൂടെ പ്രായോഗിക തലത്തില്‍ എത്തിക്കുന്ന 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആയുര്‍വേദിക് ബയോളജി ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ആയുര്‍വേദ', ഔഷധസസ്യങ്ങളുടെ സംരക്ഷണ-വികസനത്തിന് 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ് ആന്‍ഡ് നാച്ചുറല്‍ പ്രോഡക്ട്‌സ്', മരുന്നുകളുടെ ഗുണനിലവാര ഉറപ്പും പുതിയ മരുന്നുകളുടെ വികസനവും ലക്ഷ്യമിടുന്ന 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്ലേഷണല്‍ ഡ്രഗ് റിസര്‍ച്ച്', ക്ലിനിക്കല്‍ എപ്പിഡെമിയോളജി, പൊതുജനാരോഗ്യ നയപഠനങ്ങള്‍ക്കായുള്ള 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്', പാരമ്പര്യ ആരോഗ്യ പൈതൃക സംരക്ഷണത്തിനായുള്ള 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഹെറിറ്റേജ്, മ്യൂസിയം ആന്‍ഡ് മാനുസ്‌ക്രിപ്റ്റ്‌സ്', ഗവേഷണ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്ന 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഐ.സി.ടി സര്‍വീസസ്' എന്നിവയാണ് പ്രധാന വിഭാഗങ്ങള്‍.
ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് ശാസ്ത്രീയ സമ്മേളനവും ഫെബ്രുവരി 22 മുതല്‍ 25 വരെ കണ്ണൂരില്‍ ആയുര്‍വേദ എക്‌സ്‌പോയും സംഘടിപ്പിക്കും. ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഐആര്‍ഐഎ നോഡല്‍ ഓഫീസര്‍ ഡോ. വി. രാജ്‌മോഹന്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. സജി പി.ആര്‍., ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.