സ്വകാര്യ ബസ് മേഖല തകരും: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതില്‍ പ്രതിഷേധവുമായി ബസ് ഉടമകള്‍
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പിലായാല്‍ സ്വകാര്യ ബസ് മേഖല തകരുമെന്നും ബസ്സുടമകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്നും ബസ്സുടമകള്‍ പറയുന്നു. കൂടാതെ നികുതി, പെര്‍മിറ്റ് ഫീസുകളില്‍ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ടു കാണുമെന്നും ബസ്സുടമകള്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു ശേഷമുള്ള ആദ്യമന്ത്രിസഭാ യോഗത്തിനു പിന്നാലെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് മീഡിയ റൂമില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പഠിച്ച് വയോജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള സമഗ്ര പദ്ധതികള്‍ തയ്യാറാക്കും. കേരളം ഒരു പരിഷ്‌കൃത സമൂഹമാണെന്ന് ലോകത്തോട് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന തരത്തില്‍ മുതിര്‍ന്ന പൗരന്മാരെ കരുതലോടെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.