ക്രൈസ്തവ വോട്ടുകൾ പിടിക്കാൻ നടത്തിയ ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് പാളി, തൃശൂരിൽ സുരേഷ് ഗോപി വിരുദ്ധ തരംഗം

Suresh gopi
അഭിറാം മനോഹർ| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2025 (11:53 IST)
കേരളത്തില്‍ ക്രൈസ്തവ സഭാനേതൃത്വത്തെയും വിശ്വാസികളെയും ഒപ്പം നിര്‍ത്താനുള്ള ബിജെപിയുടെ 'ക്രിസ്ത്യന്‍ ഔട്ട്‌റീച്ച്' നീക്കങ്ങള്‍ തിരിച്ചടിച്ചെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. ലോകസഭാ തിരെഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ച തൃശൂരില്‍ ഇത്തവണ ആ വോട്ടുകള്‍ യുഡിഎഫിലോട്ട് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും സമാനമായ രാഷ്ട്രീയ പ്രവണതയാണ് പ്രകടമായത്.

തൃശൂരില്‍ സഭകളുടെ പിന്തുണ ഉറപ്പാക്കി മത്സരിപ്പിച്ച ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ക്കും തിരിച്ചടിയാണ് ഉണ്ടായത്. കൃഷ്ണപുരം, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗര്‍, നെട്ടിശ്ശേരി എന്നീ ഡിവിഷനുകളില്‍ ഇത്തരത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും അത് പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല.
ഛത്തിസ്ഗഡ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ക്രൈസ്തവ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നും അത് തിരിച്ചടിയായെന്നും കന്യാസ്ത്രീ സമൂഹം തന്നെ ബിജെപിക്കെതിരെ വോട്ട് ചെയ്‌തെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നത്.


തൃശൂരില്‍ സുരേഷ് ഗോപി വിരുദ്ധമായ ഒരു അന്തര്‍ധാരയും രൂപപ്പെട്ടതായി വ്യക്തമാണ്. മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ശക്തനായ നേതാവിനെ പാര്‍ട്ടി അവതരിപ്പിക്കാനാവാത്തതും തിരിച്ചടിയായി. ഇതിന് പുറമെ, പ്രാദേശിക തലത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് ആവശ്യമായ കൂട്ടായ്മയും ഏകോപനവും പ്രകടമായില്ലെന്ന വിമര്‍ശനവും ശക്തമാണ്. ഒരു സംസ്ഥാന നേതാവ് പ്രവര്‍ത്തനരംഗത്ത് നിന്ന് വിട്ടുനിന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :