അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജനുവരി 2026 (11:40 IST)
കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ
തന്ത്രം പരാജയപ്പെട്ടതായി പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 1,926 ക്രൈസ്തവ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞത് 25 പേര്‍ക്കു മാത്രമാണ്. ഏകദേശം 1.3 ശതമാനം മാത്രമാണ് വിജയശതമാനം.
ക്രൈസ്തവ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തന്ത്രം ആവിഷ്‌കരിച്ചതെങ്കിലും
പ്രതീക്ഷിച്ചതിലും ഏറെ താഴെയുള്ള പ്രകടനമാണുണ്ടായത്. ക്രിസ്ത്യന്‍ സമൂഹം ഏറെയുള്ള കോട്ടയം ജില്ലയില്‍ പോലും നേട്ടമുണ്ടാക്കാന്‍ ഈ സമീപനം കൊണ്ടായില്ല. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടുശതമാനത്തിനടുത്ത് പോലും ഇത്തവണ എത്താനായില്ലെന്നതും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. ഇതിനൊപ്പം ഹിന്ദു വോട്ടുകള്‍ നഷ്ടമായെന്നും ബിജെപി വിലയിരുത്തുന്നു.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം നേടാനായതിനെ പാര്‍ട്ടി നേട്ടമായി വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന തൃശ്ശൂര്‍ മേഖലയില്‍ ക്രൈസ്തവ വോട്ടുകള്‍ അനുകൂലമായി മാറാത്തത് ഗൗരവമായ തിരിച്ചടിയായാണ് നേതൃത്വം കാണുന്നത്. ക്രൈസ്തവ സമൂഹത്തിനിടയില്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകളും സന്ദേശങ്ങളും വേണ്ടത്ര സ്വാധീനം ചെലുത്തിയില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍.