പൊളിഞ്ഞുവീണ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ആര്‍പ്പുക്കര പഞ്ചായത്ത്

kottayam medical college
kottayam medical college
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 4 ജൂലൈ 2025 (13:09 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊളിഞ്ഞുവീണ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്ന വിമര്‍ശനവുമായി ആര്‍പ്പുക്കര പഞ്ചായത്ത്. ആര്‍പ്പുക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ കെ ഫിലിപ്പാണ് ഇക്കാര്യം പറഞ്ഞത്. മെഡിക്കല്‍ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ലെന്നും പല കെട്ടിടങ്ങളും കെട്ടിട നിര്‍മ്മാണത്തിന് വിരുദ്ധമാണെന്നും വൈസ് പ്രസിഡന്റ് അരുണ്‍ കെ ഫിലിപ്പ് പറഞ്ഞു.

അതേസമയം അപകടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. അപകടം നടന്ന സ്ഥലത്തു തെളിവെടുപ്പ് നടക്കും. മരിച്ച ബിന്ദുവിന്റെ സംസാരം ഇന്ന് നടക്കും. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ബിന്ദുവിന്റെ സംസ്‌കാര ചടങ്ങിന് 50,000 രൂപ ഇന്ന് നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ബാക്കി ധനസഹായം പിന്നാലെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മൂന്നു തവണ വീട്ടില്‍ ബന്ധപ്പെട്ടിരുന്നുവെന്നും വീട്ടില്‍ ആരുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇന്ന് വൈകുന്നേരം വീട്ടിലേക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്നലെ കെട്ടിടം ഇടിഞ്ഞുവീണതിന് പിന്നാലെ തെരച്ചില്‍ നിര്‍ത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണമാണെന്ന് മന്ത്രി പറഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടര മണിക്കൂറുകള്‍ക്കു ശേഷമാണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ പുറത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :