1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Akhil Marar claims financial and personal loss after Joining Twenty 20 party

എല്ലാം നഷ്ടപ്പെട്ടത് എനിക്കാണ്, ബിഎംഡബ്യു മാറി ഇലക്ട്രിക് കാറായി, ഫോളോവെഴ്സിനെ നഷ്ടമായി, പലരും അവഗണിക്കുന്നു : അഖിൽ മാരാർ

പേളി മാണിക്ക് സംഭവിച്ചത് പോലെ തനിക്കും ഫോളോവേഴ്‌സിനെ നഷ്ടമായെന്നും ഇനിയും പ്രസ്ഥാനത്തിന്റെ ഭാരം ചുമക്കാനാകില്ലെന്നും അഖില്‍ മാരാര്‍

akhil marar
ട്വന്റി 20 പാര്‍ട്ടിക്കും സാബു ജേക്കബിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകനും ബിഗ്‌ബോസ് ജേതാവുമായ അഖില്‍ മാരാര്‍. തിരെഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായത് മൂലം തനിക്ക് വ്യക്തിപരമായും സാമ്പത്തികപരമായും നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. ട്വന്റി 20ക്ക് തിരെഞ്ഞെടുപ്പില്‍ ബിജെപി സംഘടനാപരമായി പണം നല്‍കിയിട്ടുണ്ടെന്നും താനുള്‍പ്പടെയുള്ള താരങ്ങളെ കൊണ്ടുവന്നത് കൂടുതല്‍ പണം വാങ്ങിക്കാനാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
 
 പേളി മാണിക്ക് സംഭവിച്ചത് പോലെ തനിക്കും ഫോളോവേഴ്‌സിനെ നഷ്ടമായെന്നും ഇനിയും പ്രസ്ഥാനത്തിന്റെ ഭാരം ചുമക്കാനാകില്ലെന്നും അഖില്‍ മാരാര്‍ പറഞ്ഞു. മാര്‍ച്ച് 15ന് തന്നെ ഞാന്‍ പിന്മാറാനുള്ള സന്നദ്ധത സാബു ജേക്കബിനെ അറിയിച്ചിരുന്നു. വലിയ തര്‍ക്കമുണ്ടായി. നിങ്ങളെ വെടിവെച്ച് കൊന്ന് ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് സാബു ജേക്കബ് പറഞ്ഞു. പുള്ളിക്ക് പുള്ളിയുടെ കാര്യം മാത്രമാണ് പ്രധാനം. ബിജെപിയില്‍ നിന്ന് കണക്ക് പറഞ്ഞ് കാശ് വാങ്ങിക്കാനാണ് ഞാനുള്‍പ്പടെയുള്ള ആളുകളെ കൊണ്ടുവന്നത്.
 
എന്നെ പോലെ ഇതിന്റെ ബാധ്യതകള്‍ അനുഭവിക്കുന്നവരില്‍ അഞ്ജലി മാത്രമെയുള്ളു. മറ്റുള്ളവര്‍ക്ക് ഇതില്‍ ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. എല്ലാ നഷ്ടങ്ങളും എനിക്കാണ്. പേളി മാണിക്ക് 4 ലക്ഷം ഫോളോവേഴ്‌സ് നഷ്ടമായെന്ന് പറയുന്നു. എനിക്കും എഴുപതിനായിരം ഫോളോവേഴ്‌സിനെ നഷ്ടമായി. ബിഗ്‌ബോസില്‍ പോകുമ്പോള്‍ എനിക്ക് 1000 ഫോളോവേഴ്‌സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത്രയും പേരുമായി പോയി ജയിച്ചുവന്നവനാണ് ഞാന്‍.
 
 ഫോളോവേഴ്‌സിനെ പോകുന്നതോ വരുന്നതോ എനിക്ക് വിഷയമല്ല. പക്ഷേ നമ്മളെ ഇഷ്ടപ്പെടുന്നവര്‍ നമ്മളെ തെറ്റിദ്ധരിച്ച് വെറുക്കേണ്ടി വന്ന അവസ്ഥയുണ്ട്. എന്നെ രാഷ്ട്രീയക്കാരനോ വര്‍ഗീയവാദിയായോ ചിത്രീകരിച്ച് പല പരിപാടികളില്‍ നിന്നും ഒഴിവാക്കുകയാണ്. ദുബായില്‍ പോയ സമയത്തും ഇതെല്ലാം തന്നെ കേള്‍ക്കേണ്ടി വന്നു. ഇതൊക്കെ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഇതിനെല്ലാം കാരണക്കാരനായ ആള്‍ അപ്പുറത്ത് മറുപടിയൊന്നും പറയാതെ നില്‍ക്കുകയാണ്. അങ്ങനെയെങ്കില്‍ ഞാന്‍ എന്തിനാണ് ഈ പഴിയൊക്കെ കേല്‍ക്കുന്നത്.
 
 അഞ്ജലിക്കും ഇതേ അവസ്ഥ തന്നെയാണ്. പോകുന്നിടത്തെല്ലാം സാമ്പത്തിക കാര്യങ്ങളാണ് ആളുകള്‍ ചോദിക്കുന്നത്. അഞ്ജലിക്കും ഇതില്‍ നിന്ന് അഞ്ച് പൈസ പോലും ആരും നല്‍കിയിട്ടില്ല. തൃപ്പൂണിത്തുറയില്‍ ചിലപ്പോള്‍ ഫ്‌ലക്‌സും പോസ്റ്ററും അടിച്ചുകാണും.  ബെന്‍സില്‍ നടക്കുന്ന ചെലവ് ഒഴിവാക്കാനാണ് ഞാന്‍ ഒരു ഇലക്ട്രിക് വാഹനം എടുത്തത്. മുന്‍പൊക്കെ പ്രതിമാസം പെട്രോളിന് വന്‍ തുക വേണ്ടിവന്നിരുന്നു. അത് ലാഭിക്കാനാണ് ഇലക്ട്രിക് വണ്ടി എടുത്തത്.
 
 ആ സമയത്ത് ഇലക്ഷന്‍ ഫണ്ട് വഴിയാണ് വണ്ടി എടുത്തത് എന്ന പഴിയാണ് കേട്ടത്. ഇലക്ഷന്‍ കമ്മീഷന് നല്‍കിയ കണക്ക് പ്രകാരം എനിക്ക് 3 കോടിയുടെ സാമ്പത്തിക സ്രോതസ്സുണ്ട്. അത്യാവശ്യം സേവിങ്‌സ് ഉണ്ട്. എന്നാല്‍ എന്റെ മക്കള്‍ക്കായി മാറ്റിവെച്ച ആ തുക എടുത്തു ജീവിക്കേണ്ട അവസ്ഥയിലാണ് ഞാന്‍. എവിടെ ചെന്നാലും 20 - 20 എത്ര പൈസ തന്നെന്ന ചോദ്യമാണ് കേള്‍ക്കേണ്ടി വരുന്നത്. അഖില്‍ മാരാര്‍ പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തലപൊട്ടി ചോരയൊലിച്ചിട്ടും സമരനിരയില്‍ മുന്നില്‍, ഡല്‍ഹിയിലെ അറസ്റ്റ് ശ്രമം ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന്റെ പേരില്‍, സംഘപരിവാരത്തിന്റെ ഉറക്കം കെടുത്തുന്ന ഐഷി ഘോഷ്