വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

പിന്നാലെ ഉദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നല്‍കി. മൂന്നു ദോശവും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം അവസാനിപ്പിച്ചത്.

Rahul Easwar
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഡിസം‌ബര്‍ 2025 (20:59 IST)
വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കിയതോടെ നിരാഹാരസമരം അവസാനിപ്പിച്ച് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍. ആശുപത്രി സെല്ലില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ വിശക്കുന്നു എന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നല്‍കി. മൂന്നു ദോശവും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം അവസാനിപ്പിച്ചത്.

രാത്രി 7 മണിയോടെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. ഇന്ന് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ ഈശ്വറിന്റെ പിന്മാറ്റം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാഹുല്‍ ഈശ്വര്‍ ഉള്ളത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് അറസ്റ്റിലായത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി തള്ളിയത്.

കേസിലെ എഫ്‌ഐആര്‍ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും പറഞ്ഞില്ലെന്നും രാഹുല്‍ ഈശ്വര്‍ വാദിച്ചിരുന്നു. എന്നാല്‍ രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മുമ്പും രാഹുല്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നും ഈ കേസില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :