അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മെയ് 2022 (13:09 IST)
തൃക്കാക്കരയിൽ എഎപിയുമായുള്ള സഖ്യം സ്ഥിരീകരിച്ച് ട്വെന്റി 20 കോർഡിനേറ്റർ സാബു എം ജേക്കബ്. എഎപിയും ട്വെന്റി 20യും ചേർന്ന് പൊതുസ്ഥാനാർത്ഥിയേയാകും ഇവിടെ നിർത്തുക. എഎപിയും ട്വെന്റി 20യും കേരളത്തിൽ ബദൽ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു.
പതിനഞ്ചാം തീയതി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ കേരളത്തിലെത്തും. അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അതേസമയം കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തെ പറ്റി അസ്വാരസ്യങ്ങൾ ഉള്ളതായാണ് റിപ്പോർട്ട്. അന്തരിച്ച മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസ് നേതാവായ ഡൊമിനിക്ക് പ്രസന്റേഷനാണ് രംഗത്തെത്തിയത്.
സാമുദായിക സമവാക്യങ്ങൾ പരിഗണിച്ച് ജയിക്കാൻ സാധ്യതയുള്ള ആളാണ് സ്ഥാനാർത്ഥിയായി എത്തേണ്ടതെന്നും. ഇത് പരിഗണിക്കാതെ ആരെയെങ്കിലും നൂലിൽ കെട്ടി ഇറക്കിയാൽ ഫലം കാണില്ലെന്നും ഡൊമിനിക്ക് പ്രസന്റേഷൻ പറഞ്ഞു.