സമ്മാനങ്ങള്‍ നല്‍കിയ രാജകുമാരി: സാറ ജോസഫ്

കൊച്ചി| WEBDUNIA|
വരുന്നവര്‍ക്കെല്ലാം സമ്മാനങ്ങള്‍ വാരിക്കോരി നല്‍കിയ രാജകുമാരി ആയിരുന്നു മാധവിക്കുട്ടിയെന്ന് എഴുത്തുകാരി സാറ ജോസഫ് പറഞ്ഞു. ഏറ്റവും പ്രകാശപൂരിതമായി ജീവിതത്തെ കാണാന്‍ എന്‍റെ ജീവിതം ഉത്സവമായി കാണണമെന്നു പറഞ്ഞ അപൂര്‍വമായ ഒരു സ്‌ത്രീയായിരുന്നു കമല സുരയ്യയെന്നും അവര്‍ അനുസ്മരിച്ചു.

ഒരു കുട്ടിക്കു മാത്രം കഴിയുന്നതു പോലെ ലോകത്തെ നോക്കി കാണാനും ഒന്നിന്‍റെയും ബാധ്യതകളില്ലാതെ സംസാരിക്കാനും കഴിഞ്ഞിരുന്ന കഥാകാരിയായിരുന്നു മാധവിക്കുട്ടി. പ്രത്യേക തരം വ്യക്‌തിത്വമായിരുന്നു അവരുടേത്‌.

മാധവിക്കുട്ടിക്ക്‌ അങ്ങനെ ആരെയും വിട്ടു പിരിയാന്‍ കഴിയില്ല. ഒരിക്കല്‍ എഴുത്തിനെ കുറിച്ചു പറഞ്ഞപ്പോള്‍ മാധവിക്കുട്ടി പറഞ്ഞു - “പരപ്പ്‌ അല്ലെങ്കില്‍ വ്യാപ്‌തിയെന്നതിനേക്കാളധികം ആഴങ്ങളിലേക്കുള്ള ഗഹനതയാണ്‌ സ്‌ത്രീകളുടെ എഴുത്ത്‌“. ആ ഗഹനതയും അതുപോലെ ഒരു പക്ഷിച്ചിറകിന്‍റെ ലാഘവവും ഒത്തു ചേര്‍ന്ന അപൂര്‍വമായ രചനാ ലോകവും ആകര്‍ഷകമായ വ്യക്‌തിജീവിതവുമായിരുന്നു അവരുടേത്‌. അവര്‍ വിട്ടു പിരിഞ്ഞു എന്ന്‌ വിചാരിക്കുന്നില്ലെന്നും സാറ ജോസഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :