സമുദ്രങ്ങള്‍ വറ്റിവരണ്ടേക്കാം: വി എസ്

തൃശൂര്‍| WEBDUNIA| Last Modified ശനി, 28 ഫെബ്രുവരി 2009 (18:25 IST)
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സി പി എമ്മില്‍ പുതിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. കേരള രാഷ്ട്രീയത്തിലെ ഗോര്‍ബച്ചേവുമാരെ തിരിച്ചറിയണമെന്നും അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചാല്‍ പല അഴിമതിക്കാരുടെയും മുഖം‌മൂടികള്‍ അഴിഞ്ഞുവീഴുമെന്നും വി എസ് പറഞ്ഞു. സമുദ്രങ്ങള്‍ വറ്റിവരണ്ടേക്കാമെന്നും അപ്പോള്‍ ബക്കറ്റിലെ വെള്ളത്തിന് പുതിയ കഥ പറയാനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശംഖുമുഖത്ത് നവകേരളമാര്‍ച്ചിന്‍റെ സമാനസമ്മേളനത്തില്‍ പിണറായി വിജയന്‍ നടത്തിയ ‘ബക്കറ്റിലെ വെള്ളം’ പ്രസ്താവനയ്ക്കുള്ള മറുപടിയെന്നപോലെയാണ് വി എസ് ഇതു പറഞ്ഞത്. തൃശൂരില്‍ പ്രവാസി മലയാളികളുടെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ പ്രസ്താവനയോടെ കേരളത്തിലെ സി പി എം രാഷ്ട്രീയം പൊട്ടിത്തെറികളിലേക്ക് നീങ്ങുകയാണ്.

വി എസ് ഇന്നു നടത്തിയ പ്രസംഗത്തിന്‍റെ ചുരുക്കം ഇതാണ്:

“സോവിയറ്റ് യൂണിയന്‍ ഒരു മഹാസമുദ്രമായിരുന്നു. ലോകമെങ്ങും നവോത്ഥാനമുണ്ടായത് സോവിയറ്റ് യൂണിയനിലൂടെയാണ്. എന്നാല്‍ ഒരു ഗോര്‍ബച്ചേവിന്‍റെ ദുഷ്ചെയ്തി ആ സമുദ്രം വറ്റിവരളാന്‍ ഇടയാക്കി. ഗോര്‍ബച്ചേവുമാരുടെ ദുഷ്‌പ്രവൃത്തികള്‍ സമുദ്രത്തെ വറ്റിക്കും. വറ്റിവരണ്ടു കഴിഞ്ഞാല്‍ സമുദ്രത്തിന് ഒരു ബക്കറ്റിലെ വെള്ളത്തിന്‍റെ ശക്തിപോലും ഉണ്ടാവുകയില്ല. അപ്പോള്‍ ബക്കറ്റിലെ വെള്ളത്തിന് പുതിയൊരു കഥ പറയാനുണ്ടാകും.

കേരളരാഷട്രീയത്തിലും ഇത്തരം ഗോര്‍ബച്ചേവുമാരുണ്‌ട്‌. കേരളത്തിന്‍റെ നിലനില്‍പ്പിന് ഗോര്‍ബച്ചേവുമാരെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ചില രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ ഒരു സമാന്തര സമ്പദ് വ്യവസ്ഥ തന്നെ കേരളത്തില്‍ നിലനില്‍ക്കുന്നു. അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചാല്‍ കേരളരാഷ്ട്രീയത്തിലെ അഴിമതിയില്‍ മുങ്ങിയ ചില മുഖങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയും.”

‘താന്‍ അടങ്ങുകയില്ല’ എന്ന് ഈ പ്രസ്താവനയോടെ ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് വി എസ്. നവകേരളമാര്‍ച്ചിന്‍റെ സമാപന സമ്മേളനത്തില്‍ ഒരു ഉറുദു കവിത ഉദ്ധരിച്ചാണ് വി എസിനെ പിണറായി പരോക്ഷമായി വിമര്‍ശിച്ചത്. സമുദ്രത്തിന്‍റെ മാറിനോട് ചേര്‍ന്നു നില്‍ക്കുമ്പൊഴേ വെള്ളത്തിന് ശക്തിയുള്ളെന്നും ഒരു ബക്കറ്റില്‍ കോരിയെടുത്ത് മാറ്റിവച്ചാല്‍ വെള്ളത്തിന് തിരയായി മാറാന്‍ കഴിയില്ലെന്നുമായിരുന്നു പിണറായി പറഞ്ഞത്. പാര്‍ട്ടിയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ മാത്രമേ ഒരു കമ്യൂണിസ്റ്റുകാരന് ശക്തിയുണ്ടാകൂ എന്നും പിണറായി പറഞ്ഞിരുന്നു.

പിണറായിക്ക് വി എസ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയതോടെ എല്ലാ കണ്ണുകളും സി പി എം കേന്ദ്രനേതൃത്വത്തിന് നേര്‍ക്ക് തിരിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവന പരിശോധിച്ച ശേഷം പ്രതികരിക്കുമെന്ന് കേന്ദ്രനേതൃത്വം അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :