മദ്യവര്‍ജ്ജനമാണ്, മദ്യനിരോധനമല്ല ലക്‍ഷ്യം; മുഖ്യമന്ത്രി നമ്മുടെ തലയ്ക്കുമീതെയുള്ള വിഴുപ്പുഭാണ്ഡം: പിണറായി

Pinarayi, Oommenchandy, VS, Yechuri, Delhi, Police, JNU, പിണറായി, ഉമ്മന്‍‌ചാണ്ടി, വി എസ്, യെച്ചൂരി, ഡല്‍ഹി, പൊലീസ്, ജെ എന്‍ യു
തിരുവനന്തപുരം| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (20:40 IST)
ഇടതുമുന്നണിയുടെ ലക്‍ഷ്യം മദ്യനിരോധനമല്ലെന്നും മദ്യവര്‍ജ്ജനമാണെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സി പി എമ്മിന്‍റെ നവകേരള മാര്‍ച്ചിന്‍റെ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

മദ്യാസക്തിക്കും മദ്യം ഉപയോഗിക്കുന്നതിനും ഞങ്ങള്‍ എതിരാണ്. മദ്യാസക്തിക്ക് അടിപ്പെട്ടവര്‍ അതിനായി പല മാര്‍ഗങ്ങള്‍ സ്വീകരിക്കും. വ്യാപകമായി വ്യാജമദ്യമുണ്ടാകും. ഇപ്പോള്‍ ബാറുകള്‍ പൂട്ടിയിട്ടും മദ്യത്തിന്‍റെ ഉപയോഗം കുറഞ്ഞിട്ടില്ല. വലിയ ക്യൂ ആണ് ബിവറേജസുകളുടെ മുന്നിലുള്ളത്. മിസോറാമും മണിപ്പൂരും മദ്യനിരോധനം നടപ്പാക്കിയ ഇടങ്ങളല്ലേ? അവിടെ നിരോധനം എടുത്തുകളഞ്ഞത് കോണ്‍ഗ്രസല്ലേ? അവിടെ വീണ്ടും നിരോധനം കൊണ്ടുവന്നതിന് ശേഷം ഇടതുമുന്നണിയുടെ മദ്യനയമെന്തെന്ന് രാഹുല്‍ ഗാന്ധി അന്വേഷിച്ചാല്‍ മതി - പിണറായി വ്യക്തമാക്കി.

ചാരായനിരോധനം വന്നപ്പോള്‍ ആന്‍റണിയും മറ്റും വിചാരിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ അങ്ങുജയിച്ചുകയറും എന്നാണ്. എന്നിട്ട് ജനങ്ങള്‍ അത് തള്ളിക്കളഞ്ഞില്ലേ? മദ്യനയം ഓരോ വര്‍ഷത്തേക്കുമാണ്. ആ സമയത്ത് ഞങ്ങളുടെ മദ്യനയം പറയാം. ഇപ്പോള്‍ മദ്യനയത്തേക്കുറിച്ച് പറയുന്നത് അനവസരത്തിലാകും - പിണറായി പറഞ്ഞു.

ഈ നാട് നമുക്ക് പ്രിയപ്പെട്ടതാണ്. ഈ നാടിനെ നമുക്ക് പുനര്‍നിര്‍മ്മിക്കാനാവണം. അഴിമതിരഹിത മതനിരപേക്ഷ കേരളമാണ് ഞങ്ങളുടെ ലക്‍ഷ്യം - പിണറായി വ്യക്തമാക്കി.

നമ്മുടെ തലയ്ക്കുമീതെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെന്ന വിഴുപ്പുഭാണ്ഡം കിടക്കുന്നത്. കോണ്‍ഗ്രസിന് ഇന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സ്വഭാവമുണ്ടോ? ഡി ജി പി അലക്സാണ്ഡര്‍ ജേക്കബ് മൊഴി നല്‍കിയത് മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും പേരുകള്‍ സരിതയുടെ കത്തില്‍ ഉണ്ടായിരുന്നു എന്നാണ്. കോണ്‍ഗ്രസ് പാര്‍ട്ടി എന്തെങ്കിലും നടപടിയെടുത്തോ?

ആദര്‍ശധീരനാണ് കെ പി സി സിക്ക് പ്രസിഡന്‍റായിരിക്കുന്നത്. സോണിയ ഗാന്ധിക്ക് എന്തെങ്കിലും മാറ്റമുണ്ടാക്കാനായോ? ഒരു വ്യവസായം നടത്താന്‍ വന്ന സ്ത്രീയുടെ പണവും മാനവും കവര്‍ന്നില്ലേ കോണ്‍ഗ്രസ് നേതാക്കള്‍. ഈ പാര്‍ട്ടിക്ക് എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ കഴിഞ്ഞോ? മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും പണം പറ്റിയെന്ന് പറഞ്ഞില്ലേ? മാറിനില്‍ക്കാന്‍ പറയാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞോ? പുറത്തിറങ്ങാന്‍ കഴിയാത്ത മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയില്ലേ? മര്‍ദ്ദിച്ച് ഒതുക്കാന്‍ നോക്കിയാല്‍ ഞങ്ങളുടെ പ്രതിഷേധം വര്‍ദ്ധിക്കുകയേയുള്ളൂ. കെ എം മാണിമാരും ബാബുമാരും ഞങ്ങള്‍ ഒരു സര്‍ക്കാരുണ്ടാക്കുമ്പോള്‍ അതില്‍ ഉണ്ടാകില്ല. പൂര്‍ണമായും അഴിമതിവിമുക്തമാക്കിയ ഒരു ഭരണ സംവിധാനം ഉണ്ടാക്കും - പിണറായി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :