സ്വകാര്യ നിക്ഷേപം: എല്‍ഡി‌എഫ് നിലപാടുകളില്‍ മാറ്റം വരുന്നു; ഘടകക്ഷികള്‍ക്ക് അതൃപ്തി

അധികാരത്തില്‍ എത്തി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വകാര്യനിക്ഷേപത്തെ അനുകൂലിക്കില്ലെന്ന മുന്‍ നിലപാടില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.

പിണറായി വിജയന്‍, ഇ പി ജയരാജന്‍, സിപി‌എം Pinarayi Vijayan, EP Jayarajan, CPIM
rahul balan| Last Modified തിങ്കള്‍, 30 മെയ് 2016 (16:16 IST)
അധികാരത്തില്‍ എത്തി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വകാര്യനിക്ഷേപത്തെ അനുകൂലിക്കില്ലെന്ന മുന്‍ നിലപാടില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. റയില്‍‌വേ അടക്കമുള്ള മേഖലകളില്‍ ആവശ്യമെങ്കില്‍ സ്വകാര്യ പങ്കാളിത്തം അകാമെന്ന് പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റയില്‍‌വെ പാത വികസനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയിറ്റ്ലിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്. എന്നാല്‍ എല്‍ ഡി എഫിലെ ഘടകക്ഷിയായ സി പി ഐ ഇതിനെ അനുകൂലിക്കുന്നില്ല. പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് എതിര്‍പ്പിന്റെ സൂചനയാണ്. ഇതിന് പുറമെ അതിരപ്പള്ളി പദ്ധതി വിഷയത്തിലും സി പി എമ്മും സി പി ഐയും രണ്ട് തട്ടിലാണ്.

10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് എല്‍ ഡി എഫിന്റെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഒരു വാഗ്ദാനമായിരുന്നു. ഇത് യാഥാര്‍ത്യമാകണമെങ്കില്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ വ്യാപകതോതില്‍ സ്വകാര്യനിക്ഷേപം ആവശ്യമാണെന്ന ബോധ്യമാണ് പിണറായിയുടെ നിലപാട് മാറ്റത്തിന് പിന്നില്‍. ഈത്തരമൊരു അവസ്ഥയില്‍ പ്രത്യേയശാസ്ത്രത്തേക്കാള്‍ പ്രായോഗികതയ്ക്കാകും പിണറായി പ്രാധാന്യം നല്‍കുക.

ഇതിന് ഉദാഹരണമാണ് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഇന്‍ഫോസിസ് സഹസ്ഥാപകനായ ഗോപാലകൃഷണനുമായി പിണറായി നടത്തിയ ചര്‍ച്ച. ഇന്‍ഫോസിസിന്റെ അടുത്ത ലക്ഷ്യമായിരുന്ന തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്ക് പ്രോജക്ട് നിര്‍ത്തിവച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. അതേസമയം, പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുകയും ഭരണത്തിലെത്തുമ്പോള്‍ പ്രായോഗികത മനസിലാക്കി അതിനെ പിന്തുണയ്ക്കുന്ന സി പി എം നിലപാടിനെ എതിര്‍ത്ത് ഐ എന്‍ ടി യു സി അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ ഇതിനോടകം രംഗത്തെത്തി.

എന്നാല്‍ വിഷയത്തില്‍ അഭിപ്രായം പറയാന്‍ സി പി എമ്മിന്റെ തൊഴിലാളി സംഘടനയായ സി ഐ ടി യു ഇതുവരെ തയ്യാറായിട്ടില്ല.‘ഇക്കാര്യത്തില്‍ ഒരു വിവാദത്തിന് ഞങ്ങളില്ല. മുഖ്യമന്ത്രിയുടെ വിഷയത്തിലെ നിലപാട് അറിഞ്ഞ ശേഷം മാത്രമെ സി ഐ ടി യു വിഷയത്തില്‍ പ്രതികരിക്കൂ’- സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഏതായാലും പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വകാര്യ നിക്ഷേപത്തിനെതിരെ എടുത്ത നിലപാടുകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന സൂചനയാണ് പിണറായിയുടെ വാക്കുകള്‍ നല്‍കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :