സായ്കുമാര്‍ കോടതിയില്‍, കേസ് ഗാര്‍ഹിക പീഡനം

കൊല്ലം| WEBDUNIA|
PRO
PRO
'കുടുംബത്തില്‍ പ്രശ്നമുണ്ടായാല്‍ കോടതിയിലേക്കല്ല ഉടന്‍ പോകേണ്ടത്‌. അവസാന നിമിഷമേ അതിനു തുനിയാവൂ'- നടന്‍ സായ്കുമാര്‍ ഈ ഡയലോഗ് പറഞ്ഞത് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയല്ല. യഥാര്‍ത്ഥ ജീവിതത്തിലാണ്. കൊല്ലം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വേദി. ഭാര്യ പ്രസന്നകുമാരി നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് സായ്കുമാര്‍ കോടതിയില്‍ ഹാജരായത്.

വ്യാഴാഴ്ച രാവിലെ 11 ന് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് സന്തോഷ്‌കുമാര്‍ മുമ്പാകെയാണ് സായ്കുമാര്‍ ചമയങ്ങളഴിച്ച് വച്ച് ഹാജരായത്. ഇവരുടെ മകള്‍ വൈഷ്ണവിയെയും പ്രസന്നകുമാരി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. വീടിന്റെയും കാറിന്റെയും വായ്പാതവണകള്‍ അടയ്ക്കുന്നില്ല, തനിക്കും മകള്‍ക്കും ചെലവിനു തരുന്നില്ല എന്നിവയാണ് സായ്കുമാറിനെതിരെ പ്രസന്നകുമാരി ഉന്നയിച്ചിട്ടുള്ള പരാതി. 2010 ലാണ് ഗാര്‍ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി കേസ് ഫയല്‍ ചെയ്തത്.

ഇതേത്തുടര്‍ന്ന് ഭാര്യയ്ക്കും മകള്‍ വൈഷ്ണവിക്കും മാസം 8,000 രൂപ ചെലവിനു നല്‍കാന്‍ സി ജെ എം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. സായ്കുമാറിന്റെ പേരില്‍ മാടന്‍നടയിലുള്ള വീട്ടില്‍ നിന്നു തന്നെയും മകളെയും പുറത്താക്കുന്നതില്‍ നിന്നും വസ്‌തുവില്‍പ്പന നടത്തുന്നതില്‍ നിന്നും ഭര്‍ത്താവിനെ വിലക്കണമെന്നും പ്രസന്നകുമാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

പ്രസന്നകുമാരി സായ്കുമാറിനെതിരെ ഉന്നയിച്ച പല ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു
എന്നാല്‍ ബന്ധം വേര്‍പെടുത്താന്‍ കുടുംബകോടതിയെ ആദ്യം സമീപിച്ചതു താനാണെന്നു സായ്കുമാര്‍ സമ്മതിച്ചു. തനിക്ക് മലയാള സിനിമയിലെ ഒരു നടിയുമായും ബന്ധമുണ്ടെന്ന ആരോപണം സായ്കുമാര്‍ നിഷേധിച്ചു. സിനിമാ മേഖലയില്‍ എല്ലാവരും സുഹൃത്തുക്കളാണ്‌. അങ്ങനെയൊരു ബന്ധമേ തനിക്കുമുള്ളൂ. വീടിന്റെയും കാറിന്റെയും വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയില്‍ മൊഴി നല്‍കി.

ഭാര്യയും മകളുമാണ് തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും അഭിവൃദ്ധിക്കും പിന്നിലെന്ന് സായ്കുമാര്‍ ചിലവാരികള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടതിന്റെ തെളിവുകളും വാദിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. സായ്കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വാദം കേള്‍ക്കല്‍ ജൂണ്‍ പതിനാറിലേക്ക് മാറ്റി. സായ്കുമാറിനു വേണ്ടി അഭിഭാഷകരായ വരിഞ്ഞം രാമചന്ദ്രന്‍ നായരും അനൂപ്‌ കുമ്പുക്കാടനും പ്രസന്നകുമാരിക്കു വേണ്ടി ഡി ബൈജുകുമാറും ഹാജരായി. പ്രസന്നകുമാരിയും മകള്‍ വൈഷ്ണവിയും കോടതിയില്‍ എത്തിയിരുന്നു. കോടതിമുറിക്കു പുറത്ത് മകള്‍ വൈഷ്ണവിയുമായി സായ്കുമാര്‍ കുറച്ചുനേരം സംസാരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :