ശാസ്താംകോട്ട കായലില്‍ മാലിന്യം തള്ളുന്നു

കൊല്ലം| WEBDUNIA| Last Modified ശനി, 10 നവം‌ബര്‍ 2007 (11:13 IST)
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങള്‍ തള്ളിയതായി പരാതി. കൊല്ലം കോര്‍പ്പറേഷനിലും സമീപ പഞ്ചായത്തുകളിലുമായി അഞ്ച് ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ തടാകത്തില്‍ നിന്നുമാണ്.

ആശുപതികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമാണ് മാലിന്യങ്ങള്‍ തടാകത്തില്‍ തള്ളുന്നത്. ദീപാവലി നാള്‍ പുലര്‍ച്ചെയാണ് ശാസ്താംകോട്ട ശ്രീ‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിനടുത്തുള്ള അമ്പലക്കടവില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. ഒരു ടാങ്കര്‍ ലോറിയിലാണ് മാലിന്യങ്ങള്‍ കൊണ്ടു വന്നതെന്ന് പരിസരവാസികള്‍ പറയുന്നു.

ആശുപത്രികളില്‍ നിന്നുമുള്ള മനുഷ്യ വിസര്‍ജ്യങ്ങള്‍ അടങ്ങിയ മലിന ജലമാണ് ഇവിടെ ഒഴുക്കിയത്. 12,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കര്‍ ലോറിയാണ് ഇവിടെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലം കോര്‍പ്പറേഷനും സമീപത്തുള്ള എട്ട് പഞ്ചായത്തുകള്‍ക്കും ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നത് ഇവിടെ നിന്നുമാണ്.

പ്രതിദിനം മൂന്ന് കോടി ലിറ്റര്‍ ജലമാണ് ഇവിടെ നിന്നും പമ്പ് ചെയ്യുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ചില സംഘടനകളാണ് ആശുപത്രികളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ ശേഖരിച്ച് മറ്റ് സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതെന്ന് പൊലീസ് പറയുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.

ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സായ ശാസ്താംകോട്ട കായല്‍ മലിനമാക്കുന്നതിനെതിരെ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :