വിവാദ സര്‍ക്കുലര്‍: ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് യൂത്ത് ലീഗിന്റെ പിന്തുണ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വിവാദ സര്‍ക്കുലറില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് യൂത്ത് ലീഗിന്റെ പിന്തുണ. സര്‍ക്കുലര്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് അധ്യക്ഷന്‍ പി എം സാദിഖ് അലിയാണ് ഈ ആവശ്യം ഉന്നയിച്ചത്. സര്‍ക്കുലറിനെതിരെ സമുദായ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. എന്ത് ഭീഷണിയുണ്ടായാലും സര്‍ക്കുലര്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് യൂത്ത് ലീഗിന്റെ അഭിപ്രായമെന്നും സാദിഖ് അലി അറിയിച്ചു.

വിവാദ സര്‍ക്കുലറിനെതിരെ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സര്‍ക്കുലറിന് പിന്തുണയുമായി യൂത്ത് ലീഗ് രംഗത്തെത്തിയത്. എയ്ഡഡ് ഹയര്‍ സെക്കന്‍‌ഡറി നിയമനം സംബന്ധിച്ച വിവാദ ഉത്തരവില്‍ ഉറച്ചു നില്‍ക്കുന്നതായി ഹയര്‍ സെക്കന്‍‌ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു. നിബന്ധനകളെ ന്യായീകരിച്ച് ഡയറക്ടര്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിരുന്നു.

എയ്ഡഡ് ഹയര്‍ സെക്കന്‍‌ഡറികളിലെ അധ്യാപക നിയമനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരുന്ന സര്‍ക്കുലറാണ് പുറത്തിറങ്ങിയത്. എല്ലാ തസ്തികകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങുക, ഇന്റര്‍വ്യൂ ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തുക തുടങ്ങിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയായിരുന്നു സര്‍ക്കുലര്‍. എന്നാല്‍ പിറ്റേ ദിവസം തന്നെ താന്‍ അറിയാതെയാണ് കേശവേന്ദ്ര കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയതെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കേശവേന്ദ്ര കുമാറിനോട് വിശദീകരണവും തേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :