ഇനി മണിക്കൂറുകള്‍ മാത്രം. സി പി എം സംസ്ഥാന ഘടകത്തില്‍ ഏതു രീതിയിലുള്ള ശുദ്ധികലശം വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പ്രത്യേക പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി. ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റിക്ക് മുമ്പില്‍ വയ്ക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ചും, തീരുമാനങ്ങളെക്കുറിച്ചും പിബിയില്‍ ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചായിരിക്കും പി ബി പ്രധാനമായും ചര്‍ച്ച ചെയ്യുക. തുടര്‍ന്ന് പിബിയുടെ തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ അറിയിക്കും.
കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പി ബി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തുടര്‍ന്ന് പിബിയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രകമ്മിറ്റിക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച കേന്ദ്ര നേതാക്കളുമായി പിണറായി വിജയനും വി എസ് അച്യുതാനന്ദനും വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. നേരത്തെയെടുത്ത നിലപാടുകളില്‍ നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചന. ലാവ്ലിന് കേസിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം ഒരു വിഭാഗം കേന്ദ്ര നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
സംഘടനയുടെ ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് വി എസിനെതിരെയുള്ളത്. ആ നിലയ്ക്ക് വി എസിനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ വേണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടുപേര്‍ക്കെതിരേയും അച്ചടക്ക നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര നേതൃത്വം നല്കുന്ന സൂചന.