സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയും സിപിഐയുടെ മുഖപത്രമായ ജനയുഗവും മാത്രമാണ് വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിക്കുന്ന പത്രങ്ങള്‍ എന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി. മറ്റുള്ള പത്രങ്ങള്‍ മുഴുവന്‍ ‘ഗുണ്ട്’ അടിക്കുകയാണെന്നാണ് പാലോളി പറയുന്നത്. മനോരമയെയും മാതൃഭൂമിയെയും കടുത്ത ഭാഷയിലാണ് പാലോളി വിമര്‍ശിച്ചത്. പൊന്നാനിയില്‍ എന്‍ജിഒ യൂനിയന്‍ നാല്പത്തിരണ്ടാമത്തെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പാലോളി ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
“സംസ്ഥാനത്തുള്ള പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ അര ശതമാനം പോലും സത്യം ഇല്ല. വസ്തുതയില്ലാത്ത വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുകയാണ് ഈ പത്രങ്ങള്‍ ചെയ്യുന്നത്. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയും സിപിഐയുടെ മുഖപത്രമായ ജനയുഗവും മാത്രമാണ് വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിക്കുന്ന പത്രങ്ങള്‍.”
“സംസ്ഥാനത്തു സര്‍ക്കാരിനെതിരേ മാധ്യമങ്ങള്‍ സംഘടിത നീക്കമാണു നടക്കുന്നത്. ഇടതുപക്ഷത്തിനെ താറടിക്കുന്ന വാര്‍ത്തകള്‍ മാത്രം തെരഞ്ഞ് പിടിച്ച് ഈ മാധ്യമങ്ങള്‍ നല്കുന്നു. ബോധപൂര്‍വമായ ആക്രമണമാണിത്. ഇടതുപക്ഷത്തിനെ കരിവാരിത്തേക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും നിലപാടുകള്‍ ഒന്നുതന്നെയാണ്” - പാലോളി പറഞ്ഞു.
ദേശാഭിമാനിയെ പാലോളി വാനോളം വാഴ്ത്തുന്നതിനിടെ ദേശാഭിമാനിയെ ‘മഞ്ഞപ്പത്രം’ എന്നാണ് കോണ്‍ഗ്രസിന്റെ മുഖപ്പത്രമായ വീക്ഷണം വിളിച്ചിരിക്കുന്നത്. ‘അഞ്ച് വര്‍ഷം മുമ്പത്തെ സ്ത്രീപീഡനം പുറത്തായി’ എന്ന തലക്കെട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഒന്നാം പേജില്‍ 4 കോളം ‘ഇല്ലാക്കഥ’ ചമച്ച ദേശാഭിമാനി മഞ്ഞപ്പത്രങ്ങളെ തോല്‍പ്പിക്കുന്ന പത്രമാണ് എന്നാണ് വീക്ഷണം നിരീക്ഷിക്കുന്നത്.
മാധ്യമ സംസ്ക്കാരത്തിന് നിരക്കാത്ത തരത്തില്‍ ഒരു പാവം പെണ്‍കുട്ടിയുടെ കളര്‍ചിത്രം ഒന്നാം പേജില്‍ വാര്‍ത്തയ്ക്കൊപ്പം കൊടുത്ത ദേശാഭിമാനി ദേശത്തിന് അപമാനമാണെന്നും വീക്ഷണം പറയുന്നു. ഇടതുപക്ഷവും വലതുപക്ഷവും മാധ്യമങ്ങളെ വച്ച് കളിക്കുമ്പോള്‍ ഒന്നും പിടികിട്ടാതെ തലയ്ക്ക് വൈവയ്ക്കുന്നത് പാവം വായനക്കാരാണെന്ന് മാത്രമാണ് പരമമായ സത്യം.