സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിവസവും പ്രതിപക്ഷം സഭ വിട്ടു.
കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിയമസഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് കെ ബാബുവാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കോഴിക്കോട് സ്‌ഫോടന കേസില്‍ പ്രതിയായ ഹാലിമിന്‍റെ അറസ്‌റ്റും, എറണാകുളം കലക്‌ടറേറ്റിലെ സ്ഫോടനവും കേരളത്തെ തീവ്രവാദകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.
സംസ്ഥാനത്തെ തീവ്രവാദ ബന്ധങ്ങളെല്ലാം അവസാനം ചെന്നെത്തുന്നത് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയിലേയ്ക്കാണ്. ജയില്‍ മോചിതനായ മദനിയുമായി ആഭ്യന്തരമന്ത്രി വേദി പങ്കിട്ടത് തീവ്രവാദത്തെ ലാഘവമായി കണ്ടതിന്‍റെ തെളിവാണ്. ഇടതുപക്ഷത്തിന്‍റെ വോട്ടുബാങ്ക് രാഷ്ട്രീയം കേരളത്തെ തീവ്രവാദ കേന്ദ്രമാക്കിയെന്നും കെ ബാബു ആരോപിച്ചു.
എന്നാല്‍, മദനിയുമായുള്ള രാഷ്‌ട്രീയ ബന്ധത്തിന്‍റെ പേരില്‍ ആദ്യം പ്രതിയാക്കേണ്ടത് യു ഡി എഫ് നേതാക്കളെയാണെന്ന് ആഭ്യന്തരമന്ത്രിയുടെ അഭാവത്തില്‍ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. മദനിയെ സംരക്ഷീക്കേണ്ട ബാധ്യത എല്‍ ഡി എഫ് സര്‍ക്കാരിനില്ല. തീവ്രവാദ കേസുകളില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല.
കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പേ സംസ്ഥാനം അന്വേഷണം ആരംഭിച്ചിരുന്നു. കശ്മീരില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് മലയാളികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് 12 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും വിജയകുമാര്‍ സഭയെ അറിയിച്ചു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ കെ രാധാകൃഷ്‌ണന്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.
ഇടതുമുന്നണി സര്‍ക്കാര്‍ ഭീകരവാദികളെ സംരക്ഷിക്കുകയാണെന്ന് സഭ വിടുന്നതിന് മുമ്പ് സംസാരിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. പി ഡി പി ബാന്ധവം ഉണ്ടാക്കിയവര്‍ക്കെല്ലാം ഇനി മുതല്‍ ഉറക്കമില്ലാത്ത രാവുകളായിരിക്കുമെന്നും, ഈ ബന്ധത്തെ എതിര്‍ത്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മാത്രമേ സന്തോഷിക്കാന്‍ കഴിയുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.