ചര്‍ച്ച വഴിമുട്ടി, ചെന്നിത്തല മന്ത്രിയാകേണ്ടെന്ന് ഐ ഗ്രൂപ്പ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
കേരളത്തിലെ കോണ്‍ഗ്രസിലെയും യു ഡി എഫിലും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചു. ഏതെങ്കിലും ഒരു വകുപ്പുമായി രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരേണ്ടതില്ലെന്ന് ഐ ഗ്രൂപ്പും നിലപാട് കര്‍ക്കശമാക്കി.
മന്ത്രിയാകാന്‍ താനില്ലെന്ന് രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് ചെന്നിത്തലയെ അപമാനിക്കാന്‍ നടത്തിയ ശ്രമം ആവര്‍ത്തിക്കാന്‍ നീക്കമുണ്ടെന്നാണ് ഐ ഗ്രൂപ്പ് കരുതുന്നത്. അതിന് അനുവദിക്കില്ലെന്ന ശക്തമായ തീരുമാനമാണ് ഐ ഗ്രൂപ്പ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഘടകകക്ഷികളുമായി ഹൈക്കമാന്‍ഡ് നേരിട്ട് ചര്‍ച്ച നടത്തുന്നില്ല എന്നതാണ് പ്രശ്നമായി നിലനില്‍ക്കുന്നത്. ഹൈക്കമാന്‍ഡ് നേരിട്ട് ചര്‍ച്ച നടത്താതെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയെക്കുറിച്ച് ആലോചിക്കാന്‍ പോലും ലീഗും കെ എം മാണിയും തയ്യാറാകില്ല.
അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി ചര്‍ച്ച നടത്തി. ഒരു വശത്ത് മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും മറുവശത്ത് ഒരു തീരുമാനവും എടുക്കാനാവാത്ത സ്ഥിതിവിശേഷം രൂപപ്പെട്ടുവരികയാണ്. ഇതോടെ എന്തെങ്കിലും ശക്തമായ ഒരു തീരുമാനം ഏകപക്ഷീയമായി ഹൈക്കമാന്‍ഡ് സ്വീകരിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.