കാത്തിരിപ്പിന് വിരാമം; തമ്പാന്നൂര്‍ ബസ് സ്റ്റാന്‍ഡ് പൂര്‍ത്തിയാവുന്നു
തിരുവനന്തപുരം|
WEBDUNIA|
PRO
തലസ്ഥാന നഗരിക്ക് തിലകക്കുറി എന്നോണം ശോഭിക്കാനായി തമ്പാന്നൂര്‍ ബസ് ടെര്‍മിനസ് അടുത്തു തന്നെ പൂര്ത്തിയാവുമെന്നാണറിയുന്നത്.
പന്ത്രണ്ടു നിലയില്‍ പണിതിരിക്കുന്ന കെട്ടിടത്തിന്റെ അവസാന മിനുക്കു പണികള്‍ രാപകലില്ലാതെ നടത്തുകയാണിപ്പോള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഉദ്ഘാടനം നടത്താനാണു അധികൃതരുടെ ധൃതികൂട്ടിയുള്ള ഒരുക്കം.
നാലു വര്‍ഷങ്ങളായി പണി തുടരുന്ന ഈ കെട്ടിട സമുച്ചയത്തിന്റെ ഇതുവരെയുള്ള ചെലവ് 65 കോടിരൂപയാണ്. പതിനഞ്ചു ദിവസത്തിനുള്ളില്‍ തന്നെ പണി പൂര്‍ത്തിയാക്കാനാണു തീരുമാനം. ഉടന്‍ തന്നെ ഉദ്ഘാടന തീയതി നിശ്ചയിക്കുമെന്നറിയുന്നു.
ഗ്രൌണ്ട് ഫ്ലോര്‍ ഉള്‍പ്പെടെയുള്ള മൂന്നു നിലകളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ കഴിയും. ഒരേ സമയം 200 ലേറെ കാറുകളും 500 ലേറെ ഇരുചക്രവാഹനങ്ങളും പാര്‍ക്കു ചെയ്യാനുള്ള സൌകര്യമുണ്ട്. ഇതിനൊപ്പം മൂന്നു നിലകളിലായി ആറ് എസ്കലേറ്ററുകളും കൂടാതെ 6 ലിഫ്റ്റുകളും ഇതിലുണ്ട്.
ഇതിനൊപ്പം ഒരേ സമയം 25 ബസ്സുകള്‍ക്ക് ഇടംപിടിക്കാനുള്ള പ്ളാറ്റ്ഫോം സൌകര്യമുണ്ട്. സമുച്ചയത്തിനകത്തേക്കും പുറത്തേക്കുമുള്ള റോഡുകളുടെ പണിയും ഉടന്‍ തന്നെ പൂര്ത്തിയാവുമെന്നറിയുന്നു.