അമ്പലപ്പുഴയിലെ ബാറില്‍ കണ്ടത് ബണ്ടി ചോറിനെയല്ല ! സ്ഥിരീകരിച്ച് പൊലീസ്

സമ്പന്നരുടെ വീടുകള്‍ കണ്ടുവച്ച ശേഷം ആഡംബര വസ്തുക്കളും മുന്തിയ കാറുകളും മോഷ്ടിക്കുന്നതാണ് ബണ്ടി ചോര്‍ എന്ന ദേവിന്ദര്‍ സിങ്ങിന്റെ രീതി

Bunty Chor
രേണുക വേണു| Last Modified വ്യാഴം, 11 ജൂലൈ 2024 (16:15 IST)

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയെന്ന സംശയത്തില്‍ വ്യക്തതയുമായി പൊലീസ്. അമ്പലപ്പുഴയിലെ സ്വകാര്യ ബാറില്‍ കണ്ടത് ബണ്ടി ചോറിനെയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലാണ് ബണ്ടി ചോറിനോടു രൂപസാദൃശ്യമുള്ള ആളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ബണ്ടി ചോര്‍ അല്ലെന്നും ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥനാണെന്നും പൊലീസ് അറിയിച്ചു.

സമ്പന്നരുടെ വീടുകള്‍ കണ്ടുവച്ച ശേഷം ആഡംബര വസ്തുക്കളും മുന്തിയ കാറുകളും മോഷ്ടിക്കുന്നതാണ് ബണ്ടി ചോര്‍ എന്ന ദേവിന്ദര്‍ സിങ്ങിന്റെ രീതി. 2013 ലാണ് ഇയാള്‍ കേരള പൊലീസിന്റെ വലയിലാകുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു വീടിനുള്ളില്‍ കയറി 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍, ലാപ് ടോപ്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച കേസിലാണ് അന്ന് അറസ്റ്റിലായത്. അന്ന് പത്ത് വര്‍ഷം തടവാണ് ബണ്ടി ചോറിനു ലഭിച്ചത്. 2023 മാര്‍ച്ചിലാണ് ജയില്‍ മോചിതനായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :