കവിയൂര്‍ കേസില്‍ അനഘയെ പിതാവ് നാരായണന്‍ നമ്പൂതിരി തന്നെയാണ് പീഡിപ്പിച്ചതെന്ന് അനഘയുടെ സുഹൃത്തുക്കളാണ് പറഞ്ഞതെന്ന് സിബിഐ കോടതിയില്‍ സിബിഐ. പീഡിപ്പിച്ചതിന് തെളിവില്ലെന്നും ഇനിയേത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാലും കേസ് തെളിയിക്കാവാവില്ലെന്നും കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് സിബിഐ ഇത്തരത്തില്‍ കോടതിയെ ബോധിപ്പിച്ചത്.
അനഘയുടെ ആത്മഹത്യയുമായി വിവിഐപികള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ യാതൊരു ബന്ധവും ഇല്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണ ഹര്‍ജികള്‍ പരിഗണിക്കുന്ന തിരുവനന്തപുരം സിബിഐ കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
അനഘ പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 24 മുതല്‍ 25 മണിക്കൂറുകള്‍ക്ക് മുന്‍പാണെന്നും, ഈ സമയത്ത് അനഘ വീടിന് പുറത്ത് പോവുകയോ, മറ്റാരെങ്കിലും വീട്ടിലേക്ക് വരികയോ ചെയ്തിട്ടില്ലെന്നാണ് സി ബി ഐയുടെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് കുറ്റക്കാരന്‍ പിതാവാണെന്ന അനുമാനത്തില്‍ സി ബി ഐ എത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാലയളവ് മരണത്തിന് മുന്‍പ് 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളാണ്. ഇത് ഗുരുതരമായ വൈരുദ്ധ്യമാണെന്ന് കോടതി കണ്ടെത്തി.
അനഘയെ പീഡിപ്പിച്ചത് പിതാവാണെന്ന സി ബി ഐ റിപ്പോര്‍ട്ട് കുടുംബത്തിന് തീരാകളങ്കമുണ്ടാക്കിയെന്നും ഇനി ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ചാലും കേസ് തെളിയില്ലെന്നും കോടതി വെള്ളിയാഴ്ച രാവിലെ നിരീക്ഷിച്ചിരുന്നു. കേസ് തെളിയിക്കാന്‍ കഴിയാത്ത തരത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാലാണോ കോടതി ഇങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്ന് അറിവായിട്ടില്ല.
നാരായണന്‍ നമ്പൂതിരിക്കെതിരെ സി ബി ഐ റിപ്പോര്‍ട്ടിലുള്ള പരാമര്‍ശം നീക്കണമെന്ന് കാണിച്ച് സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാറും തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.