അതിരപ്പിള്ളി പദ്ധതി പണം തട്ടാനുള്ള പദ്ധതിയെന്ന് മാധവ് ഗാഡ്ഗില്‍

കൊച്ചി| WEBDUNIA|
PRO
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി അനാവശ്യമാണെന്നും കരാറുകാര്‍ക്ക് പണം തട്ടാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രൊഫ മാധവ് ഗാഡ്ഗില്‍. പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന വൈദ്യുതി കേരളത്തിനു ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്‍റര്‍ ഫൊര്‍ പബ്ലിക് പോളിസി റിസര്‍ച്ച് എറണാകുളം ബിടിഎച്ച് ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളം അതിരപ്പിള്ളിയിലില്ല. പദ്ധതി നടപ്പിലാക്കിയാല്‍ സമീപ ടൂറിസം മേഖലയ്ക്കും ജലവിതരണ പദ്ധതികള്‍ക്കും തിരിച്ചടിയുണ്ടാകും.

പശ്ചിമഘട്ടത്തെക്കുറിച്ച് താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജനാധിപത്യപരവും ശാസ്ത്രീയവുമാണ്. സുതാര്യമായ രീതിയില്‍ റിപ്പോര്‍ട്ട് തയാറാക്കിയെങ്കിലും റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനോ പൊതു അഭിപ്രായം രൂപീകരിക്കാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവുന്നില്ല.

പ്രാദേശിക ഭാഷകളിലേക്ക് റിപ്പോര്‍ട്ട് മൊഴിമാറ്റുകയും ഗ്രാമസഭാ തലങ്ങളില്‍പോലും ചര്‍ച്ച ചെയ്യുകയും വേണം. മഹരാഷ്ട്ര സര്‍ക്കാര്‍ മറാഠി ഭാഷയിലേക്ക് മൊഴിമാറ്റിയപ്പോള്‍ റിപ്പോര്‍ട്ടില്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ കടന്നുകൂടിയിരുന്നു. ഇത് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കി.

കേരളത്തിലെ ഡാമുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് സംബന്ധിച്ച് കെഎസ്ഇബിയും സര്‍ക്കാരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇത്തരം വിവാദങ്ങളെ സംബന്ധിച്ച് പുനഃപരിശോധന ആവശ്യമാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ചര്‍ച്ചകള്‍ക്ക് അധികൃതര്‍ തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :