വിഎസ്-റൌഫ് ചര്‍ച്ച: വിഷയം വിഭാഗീയത!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനും കെ എ റൌഫും ഈയിടെ തൃശൂരില്‍ കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മിലെ വിഭാഗീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു എന്ന് റിപ്പോര്‍ട്ട്. ചര്‍ച്ച സംബന്ധിച്ച് റൌഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

സി പി എമ്മിലെ ചില പ്രമുഖ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ വി എസ്‌ തന്നെ പ്രേരിപ്പിച്ചു എന്നാണ് റൌഫിന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. മലപ്പുറത്തെ ഒരു അധ്യാപകനുമായാണ്‌ റൌഫി ഫോണില്‍ സംസാരിച്ചതെന്ന്‌ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും പരിചയമുള്ള ആളാണ് ഈ വ്യക്തി.

വി എസും റൌഫും തൃശൂര്‍ രാമനിലയത്തില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ്‌ നേതാവ്‌ എന്‍ കെ അബ്ദുള്‍ അസീസും റൌഫിനൊപ്പം വി എസിനെ കണ്ടിരുന്നു. അസീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്യാടന്‍ മുഹമ്മദ്, കുഞ്ഞാലിക്കുട്ടി എന്നീ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

റൌഫിന്റെ കേസിനെക്കുറിച്ചുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി എസ് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം കേസും വിജിലന്‍സ് കേസുമൊക്കെയാണ് ചര്‍ച്ച ചെയ്തത് എന്നതിന്റെ സൂചനയാണ് വി എസ് നല്‍കിയത്. എന്നാല്‍ വി എസിന്റെ ഈ പ്രതികരണത്തെ തകിടം മറിക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇതിനോട് സി പി എം നേതൃത്വം ഏത് രീതിയില്‍ ആയിരിക്കും പ്രതികരിക്കുക എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ഐസ്ക്രീം കേസിനെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളും റൌഫിന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ കടന്നുവരുന്നുണ്ട്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ കേസുകള്‍ ഇല്ലാതാക്കാമെന്നാണ് റൗഫ് പറയുന്നത്‌. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തന്‍ നടത്തിയ ആളാണ് റൌഫ്. കുഞ്ഞാലിക്കുട്ടിക്ക് അനധികൃത സ്വത്തുണ്ടെന്ന് ആരോപിക്കുന്നവരെ പിന്തിരിപ്പിച്ച് വിജിലന്‍സ് കേസ് ഇല്ലാതാക്കാമെന്നും റൌഫ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :