കമലയുടെ മരണം വ്യക്തിപരമായ നഷ്‌ടം: എം ടി

കൊച്ചി| WEBDUNIA|
മാധവിക്കുട്ടിയുടെ മരണം തനിക്ക് വ്യക്തിപരമായ നഷ്‌ടമാണെന്ന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നാ‍യര്‍ പറഞ്ഞു. നല്ല സുഹൃത്ത് എന്നതിലുപരി അവര്‍ തനിക്ക് സഹോദരി തുല്യയായിരുന്നു എന്നും എം ടി അനുസ്മരിച്ചു.

‘എന്നെ ശാസിക്കാനും ശകാരിക്കാനും സൗഹൃദത്തിനുപരിയായുള്ള സ്നേഹത്തിന്‍റെ അധികാരം മാധവിക്കുട്ടിക്ക്‌ ഉണ്ടായിരുന്നു. വ്യക്‌തിപരമായി എന്‍റെ ഉള്ളിലേക്ക്‌ സ്വീകരിക്കാന്‍ പറ്റുന്നതും എനിക്ക്‌ മനസില്‍ വച്ചുകൊണ്ട്‌ ആരാധിക്കാന്‍ പറ്റുന്നതും അവര്‍ മലയാളത്തില്‍ എഴുതിയതൊക്കെ തന്നെയാണ്‌. അതൊക്കെ എനിക്കു വളരെ പ്രിയപ്പെട്ടതാണ്‌‘. എം ടി പറഞ്ഞു.

‘ഞാന്‍ ആരോഗ്യം നോക്കുന്നില്ല, ഞാന്‍ വേണ്ട ചികിത്സ ചെയ്യുന്നില്ല‘ എന്നൊക്കെ പറഞ്ഞ്‌ കാണുമ്പോഴെല്ലാം അവിടെ ചെന്ന്‌ താമസിക്കണമെന്നും, ഡോക്ടറെ ഏര്‍പ്പാടു ചെയ്യാമെന്നും മറ്റും പറയുമായിരുന്നു. അവര്‍ പോയി, ‘ഇല്ല‘ എന്നു പറയുന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ ഇനിയും തന്‍റെ മനസ്‌ സജ്ജമായിട്ടില്ലെന്നും എം ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :