പറവൂര്‍ പീഡനം: പൊലീസിന് തെറിയഭിഷേകം

കൊച്ചി| WEBDUNIA|
സ്വന്തം പിതാവും ഇടനിലക്കാരും ചേര്‍ന്ന് ഇരുന്നൂറിലധികം പേര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടിയെ കാഴ്ചവച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഫോണിലൂടെ തെറിയഭിഷേകവും ഭീഷണിയും. അനാശാസ്യ ഇടപാടുകാരായ രണ്ട് സ്ത്രീകളാണ് പൊലീസിനെ മൊബൈല്‍ ഫോണിലൂടെ തെറിയഭിഷേകം നടത്തിയത്. പറവൂര്‍ കേസില്‍ പിടിയിലായ ഇടനിലക്കാരികളുടെ സുഹൃത്തുക്കളാണ് ഇവര്‍. ഇവരിപ്പോള്‍ പൊലീസ് പിടിയിലാണ്.

കാസര്‍ഗോഡ്‌ എണ്ണൂപ്പാറേക്കര സ്വദേശിക്കാരി മറ്റത്തില്‍ വീട്ടില്‍ ഡോളി (35), കൊല്ലം വള്ളിക്കാവ്‌ പാലാന്തറയില്‍ വീട്ടില്‍ ഹസീന (26) എന്നിവരാണ്‌ ഒരു ഭയവും കൂടാതെ പൊലീസിനെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. രണ്ടുദിവസമായി എറണാകുളം ക്രൈംബ്രാഞ്ച്‌ ഓഫീസിലും കേസന്വേഷിക്കുന്ന എസ്‌.ഐയുടെ മൊബൈല്‍ ഫോണിലും നിരന്തരം വിളിച്ച്‌ ഇരുവരും അശ്ലീലവും ഭീഷണിയും തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ് ഇരുവരും ഇപ്പോള്‍. പൊലീസ് സ്റ്റേഷനിലും ഇവര്‍ തെറിയഭിഷേകം നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഡോളി ഇതിനകം തന്നെ കുപ്രസിദ്ധയാണ്. കലൂര്‍ ബസ്‌ സ്‌റ്റാന്‍ഡിനു സമീപം മദ്യപിച്ച്‌ ബഹളംവച്ച ഡോളിയെ വനിതാ പൊലീസ് മുടിയില്‍ പിടിച്ച് വലിച്ച ചിത്രം കേരളത്തിലെ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് പൊലീസുകാരി ക്രൂരമായിട്ടാണ് ഡോളിയോട് പെരുമാറിയത് എന്ന് ആരോപണം ഉയരുകയും പൊലീസുകാരിക്ക് സസ്പെന്‍ഷന്‍ ലഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഡോളിക്ക് ‘പൊലീസ് പേടി’ പോയത് എന്ന് നാട്ടുകാര്‍ പറയുന്നു.

പറവൂര്‍ കേസില്‍ അറസ്റ്റിലായ ഇടനിലക്കാരികളെ ചോദ്യം ചെയ്തപ്പോഴാണ് അവരുടെ സുഹൃത്തുക്കളായ ഡോളിയെയും ഹസീനയെയും പറ്റി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരോടും ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായില്ല എന്ന് മാത്രമല്ല, പല ഫോണുകളില്‍നിന്നും ക്രൈംബ്രാഞ്ച്‌ ഓഫീസിലേക്കും അന്വേഷണ സംഘത്തിലുള്ള ഒരു എസ്‌.ഐയുടെ ഫോണിലേക്കും വിളിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :