ശ്രീവിദ്യക്ക് കൂട്ടായത് മമ്മുക്കയുടെ ഫാന്‍സ്!

Mammootty
കാഞ്ഞങ്ങാട്| WEBDUNIA|
PRO
PRO
സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ദീര്‍ഘനാളായി ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട്‌ പൂല്ലൂരിലെ പ്രഭാകരന്റെയും രോഹിണിയുടെ മകള്‍ നാല്‌ വയസ്സുകാരിയായ ശ്രീവിദ്യക്ക് താങ്ങായത് മമ്മൂട്ടിയുടെ ആരാധക സംഘം. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്റ്‌ ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സൗജന്യ ഹൃദയശസ്‌ത്രക്രിയ നടത്താന്‍ സഹായിച്ചതോടെ ജീവിതത്തിലേക്ക് പൂര്‍ണാരോഗ്യത്തോടെ തിരിച്ചുവന്നു.

ശ്വാസ തടസ്സം കൊണ്ട്‌ കഷ്ടപ്പെട്ടിരുന്ന ശ്രീവിദ്യയുടെ പ്രശ്നം ഹൃദയസംബന്ധമായ അസുഖമായിരുന്നു. ഹൃദയശസ്ത്രക്രിയ നടത്തിയാലേ പൊന്നോമനയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പറ്റുകയുള്ളൂ എന്ന് ഡോക്‌ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞു. എന്നാല്‍ കൂലിപ്പണിക്കാരായ രോഹിണിക്കും പ്രഭാകരനും മകളുടെ ശസ്‌ത്രക്രിയയ്‌ക്കുള്ള ഭാരിച്ച ചിലവ്‌ താങ്ങാനാവാത്തതായിരുന്നു.

രോഹിണിയുടെയും പ്രഭാകരന്റെയും കഷ്ടത കണ്ട് മനസലിഞ്ഞ പൂല്ലൂര്‍ കൊടവലത്തെ സാമൂഹ്യപ്രവര്‍ത്തകനായ കെ ഗോപാലന്‍, ‘കെയര്‍ ആന്റ്‌ ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്’ അയച്ച കത്താണ് ശ്രീവിദ്യക്ക് ഭാഗ്യം കൊണ്ടുവന്നത്. ശ്രീവിദ്യയുടെ ശത്രക്രിയയ്ക്ക് ആവശ്യമായ ധനസഹായം ചെയ്യാമെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു. മമ്മൂട്ടിയുടെ പ്രത്യേക താല്‌പര്യവും ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും ഇടപെടലും ശ്രീവിദ്യക്ക് പുതുജീവിതം കൊടുത്തു.

കാസര്‍‌ഗോഡ് ജില്ലയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സഹായമെത്തിക്കുന്ന രണ്ടാമത്തെ ശസ്ത്രക്രിയയാണിത്. ഉദയ മംഗലത്തെ സഹദേവന്‍-പുഷ്‌പ ദമ്പതികളുടെ മകളായ മൂന്ന്‌ വയസ്സുകാരി അശ്വതിക്ക്‌ കഴിഞ്ഞ വര്‍ഷം ഹൃദയശസ്‌ത്രക്രിയയക്ക്‌ തുണയായതും മമ്മൂട്ടിയുടെ കെയര്‍ ആന്റ്‌ ഷെയര്‍ ഫൗണ്ടേഷനാണ്‌.

രണ്ടും കുട്ടികളും പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയിരിക്കുകയാണെന്ന് പ്രവര്‍ത്തകരായ മജീദ്‌ മുട്ടിച്ചരല്‍, ഷാജാഹാന്‍ ഗുരുപുരം, സുനില്‍, കെ ഗോപാലന്‍, നിവേദ്‌ വെള്ളിക്കോത്ത്‌, ബൈജു, അജിത്‌ എന്നിവര്‍ കാഞ്ഞങ്ങാട്‌ പ്രസ്സ്‌ ഫോറത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീവിദ്യയും മാതാപിതാക്കളും പത്രസമ്മേളനത്തിന് എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :