മോഡി വംശഹത്യയുടെ പ്രതീകമാണെന്ന് പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നരേന്ദ്രമോഡി ഒരു വ്യക്തിയല്ല, വംശഹത്യയുടെ പ്രതീകമാണെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍‌എസ്‌എസിന്റെ ഏതു തീരുമാനത്തെയും ഏത് അറ്റംവരെ പോയി നടപ്പാക്കാന്‍ തയാറുള്ള നേതാവിന്റെ പ്രതീകമാണ് മോഡി. അതുകൊണ്ടാ‍ണ് മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍‌എസ്‌എസ് നീക്കം നടത്തുന്നത്. ആര്‍‌എസ്‌എസ് സവര്‍ണാധിപത്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.

സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കുന്നില്ല. വര്‍ഗീയത ബിജെപിയുടെ മുഖമുദ്രയാണെങ്കിലും വര്‍ഗബോധം കോണ്‍ഗ്രസിന്റേതാണ്. വര്‍ഗീയതയെ എതിര്‍ക്കുന്നുവെന്ന് പറയുകയും വര്‍ഗീയതയ്ക്ക് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. എന്തു നാണക്കേട് സഹിച്ചും ഈ സ്ഥാനത്ത് തുടരുമെന്ന് കടിച്ചു തൂങ്ങുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. രാജ്യത്ത് പെട്രോള്‍, കല്‍ക്കരി എന്നിവയുടെ എല്ലാം എടുത്താല്‍ അഞ്ചര ലക്ഷം കോടി രൂപയുടെ അഴിമതിയാണ് യുപി‌എ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്, കോണ്‍ഗ്രസ് അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുകയാണ്.

കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് എടുക്കുന്നത്. ഫലത്തില്‍ ഒരു ഗവണ്‍‌മെന്റ് ഇവിടെയില്ല. അഴിമതിയുടെ കാര്യത്തില്‍ എല്ലാ സംസ്ഥാന മന്ത്രിമാരും മത്സരിക്കുകയാണ്. കേരളത്തിന്റെ എല്ലാ പ്രധാനകാര്യങ്ങളും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. കേരളത്തിന്റെ പ്രധാന നേട്ടങ്ങള്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളാണ്. ഇതു രണ്ടും തകര്‍ന്നു. ഏറ്റവും പ്രധാന നേട്ടമായ ഭൂപരിഷ്കരണ നിയമത്തെ തകര്‍ക്കുന്ന നിലപാടാണ് യുഡി‌എഫിന്റേത്.

ജനങ്ങളെ വഞ്ചിക്കലാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. 123 വില്ലേജില്‍ ജനങ്ങള്‍ ഇന്ന് അവിടെ വിട്ടുപോകേണ്ട അവസ്ഥയിലാണ്. സര്‍ക്കാര്‍ കൂടുതല്‍ ഒറ്റപ്പെട്ടു. ഏറ്റവും അധികം കഷ്ടപ്പെടുന്നത് കര്‍ഷകരാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് ആരും എതിരല്ല. മൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമമുണ്ട്. എന്നാല്‍ ആ സമയം കര്‍ഷകരെ കൂടി സംരക്ഷിക്കേണ്ടതില്ലേയെന്നും പിണറായി ചോദിച്ചു.

ഇവിടെ വര്‍ഗീയത മാത്രമല്ല വര്‍ഗീയതയുടെ ഭാഗമായി വളര്‍ന്നു വരുന്ന തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു. തിരൂരില്‍ വെട്ടിയവരുടെ പേരില്‍ കേസെടുക്കാന്‍ തയാറായില്ല. ലീഗിനുവേണ്ടി എസ്‌ഡിപിഐയാ‍ണ് അക്രമം നടത്തുന്നത്. ഇതേക്കുറിച്ച് എന്തുകൊണ്ടാണ് ലീഗ് പ്രതികരിക്കാത്തതെന്നും പിണറായി ചോദിച്ചു.

ആഭ്യന്തരമന്ത്രിയെന്നത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിയുള്ളതല്ല. മന്ത്രി ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അങ്ങനെയുള്ള ഒരാള്‍ പാര്‍ട്ടി പ്രസിഡന്റായിരിക്കുന്നത് ശരിയല്ല. ചെന്നിത്തലയെ മന്ത്രിയാക്കിയതോടെ കോണ്‍ഗ്രസിലെ പ്രശ്നം തീരുകയല്ല ചെയ്തത്, കൂടുകയാണ് ഉണ്ടായത്. അതുകൊണ്ടാണ് കെപി‌സിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ വൈകുന്നത്. ഇത് കോണ്‍ഗ്രസിനുള്ളിലെ കുഴപ്പം കാരണമാണെന്നും പിണറായി പറഞ്ഞു.

കേരളരക്ഷാ മാര്‍ച്ചിന് നാളെ തുടക്കമാകും. വിപ്ലവഭൂമിയായ പുന്നപ്ര വയലാറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള യാത്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യുമെന്നും പിണറായി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :