ചെന്നിത്തലയുടെ ഫോണും ചോര്‍ത്തിയെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: | WEBDUNIA|
PRO
PRO
രമേശ് ചെന്നിത്തലയുടെ ഫോണ്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോര്‍ത്തി‍യെന്ന് സുകുമാരന്‍ നായര്‍. ഇക്കാര്യം രമേശ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. എന്‍എസ്എസ്സിനെ വഞ്ചിച്ച കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പെരുന്നയില്‍ ചേര്‍ന്ന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചു. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചയില്ലെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍‌എസ്‌എസുമായുള്ള ധാരണ തെറ്റിച്ചത് സംസ്ഥാന നേതൃത്വമാണ്. എല്ലാ പ്രശ്നങ്ങളും വഷളാ‍ക്കിയത് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ്. ലീഗിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല.

വര്‍ഗീയത ചമഞ്ഞ് ലീഗ് സ്ഥാനമാനങ്ങള്‍ തട്ടിയെടുക്കുന്നു. സംസ്ഥാന നേതൃത്വത്തെ തിരുത്താന്‍ കേന്ദ്രനേതൃത്വം തയാറായില്ല. തിരുവിതംകൂര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനം എന്‍‌എസ്‌എസിന് നല്‍കിയതല്ല. എം‌പി ഗോവിന്ദന്‍ നായര്‍ തിരുവഞ്ചൂരിന്റെ ചേട്ടനാണ്. എന്‍‌എസ്‌എസിനോട് മുട്ടിയവരാരും ഗതി പിടിച്ചിട്ടില്ല.

എ കെ ആന്റണിക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് പറഞ്ഞത് താനാണ്. കോണ്‍ഗ്രസുമായി ഇനി യാതൊരു ബന്ധവുമില്ല. സര്‍ക്കാര്‍ പദവി വഹിക്കുന്ന എന്‍എസ്എസ് ഭാരവാഹികള്‍ പദവി ഒഴിയുകയോ അല്ലെങ്കില്‍ എന്‍എസ്എസ് ഭാരവാഹിത്വം രാജിവെയ്ക്കുകയോ ചെയ്യണം.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ വഷളാക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടി വിചാരിച്ചാല്‍ അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ. കേരളത്തില്‍ ന്യൂനപക്ഷമാണ് ഭരണം കൈയാളുന്നത്. ഭൂരിപക്ഷത്തെ കണ്ടില്ലാ എന്നു നടിക്കുന്നതും ചവിട്ടി തേക്കുന്നതും ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ 12 പേരെങ്കിലും എന്‍എസ്എസിന്റെ സഹായത്തോടെ ജയിച്ചവരാണെന്നും അല്ലായെന്ന് കോണ്‍ഗ്രസ് പരസ്യമായി പറയട്ടെയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുകുമാരന്‍ നായര്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :