ചാണ്ടിയും ചെന്നിത്തലയും വഞ്ചിച്ചെന്ന് എന്‍എസ്എസ്

ചങ്ങനാശേരി| WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2013 (09:55 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ എന്‍ എസ് എസ് രംഗത്ത്. ഇരുവരും എന്‍എസ്‌എസിനോട്‌ വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

സോണിയ ഗാന്ധിയുടെ ദൂതനായി പെരുന്നയിലെത്തിയ വിലാസ്‌റാവു ദേശ്മുഖ്‌ എന്‍എസ്‌എസുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രമേശിനും ഉമ്മന്‍ചാണ്ടിക്കും പൂര്‍ണമായും അറിയാം. എന്നാല്‍ ഒന്നും അറിവില്ലെന്ന ഭാവത്തിലുള്ള ഇരുവരുടെയും നിലപാടുകള്‍ സമൂഹത്തിനോടും എന്‍എസ്‌എസിനോടും കാണിക്കുന്ന വഞ്ചനയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്‌എസിനു മുഖ്യമന്ത്രിയോ, മന്ത്രിയോ, കോര്‍പറേഷനോ, ബോര്‍ഡോ, വൈസ്‌ ചാന്‍സലര്‍ സ്ഥാനമോ, പ്രോ വൈസ്‌ ചാന്‍സലര്‍ സ്ഥാനമോ ഒന്നും വേണ്ട. പ്രശ്നങ്ങള്‍ക്കു പിന്നില്‍ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമാണ്‌. ഇത്‌ അവരവരുടെ ഗ്രൂപ്പിന്റെ ഭാഗവുമാണെന്നും അദ്ദേഹം പറഞ്ഞു.

മന്നം സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നത്‌ എങ്ങനെയെന്നു പോലും ഇവര്‍ അദ്ദേഹത്തോടു സൂചിപ്പിച്ചിരുന്നു. ഞാനും അന്നത്തെ ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കരും ചേര്‍ന്നാണു ചര്‍ച്ച നടത്തിയത്‌. പറഞ്ഞ കാര്യം രേഖാമൂലം തയാറാക്കി കൊടുക്കണമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സോണിയ ഗാന്ധിക്കുള്ള നിവേദനവും കൊടുത്തുവിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പി കെ നാരായണപ്പണിക്കരും വിലാസ്‌റാവു ദേശ്മുഖും മരണപ്പെട്ട സാഹചര്യത്തില്‍ ഇനി വ്യക്‌തമായ തെളിവും മറുപടിയും നല്‍കേണ്ടതു കോണ്‍ഗ്രസ്‌ അധ്യഷ സോണിയഗാന്ധിയാണ്‌. അതനുസരിച്ചു തുടര്‍നടപടികള്‍ എന്തുവേണമെന്ന്‌ എന്‍എസ്‌എസ്‌ തീരുമാനിക്കും. ഇതിന്റെ എല്ലാ നീക്കങ്ങളുടെയും പിന്നില്‍ രമേശ്‌ഉണ്ടായിരുന്നെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :