നോകിയ മോഷ് ഇനി ഓര്‍മ

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വെള്ളി, 20 മാര്‍ച്ച് 2009 (19:31 IST)
നോകിയ മോഷ് ഇനി ഓര്‍മ്മയിലേക്ക്. ലോകത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയയുടെ ഓണ്‍ലൈന്‍ ഫയല്‍ ഷെയറിംഗ് സേവനമായ മോഷ് തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. മൊബൈലൈസ് ആന്‍ഡ് ഷെയര്‍(മോഷ്) 2007ലാണ് സേവനം തുടങ്ങിയത്. അതേസമയം, മോഷ് പെട്ടെന്ന് അടയ്ക്കാനുണ്ടായ കാരണം നോകിയ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. നോകിയയുടെ തന്നെ മറ്റൊരു ഓണ്‍ലൈന്‍ സേവനമായ ഒവി സ്റ്റോര്‍ തുടങ്ങാനിരിക്കെയാണ് മോഷ് അടയ്ക്കുന്നത്.

ആപ്പിള്‍ ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ പോലെ ഉപഭോക്താക്കള്‍ക്കിടയില്‍ മോഷിന് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ലെന്നാണ് വിലയിരുത്തല്‍. സേവനം സൌജന്യമായിരുന്നെങ്കിലും ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മോഷ് പരാജയപ്പെട്ടു. പുതിയ മൊബൈല്‍ സോഫ്റ്റ്വെയറുകള്‍, ഗെയിംസ്, ഓഡിയോ, വീഡിയോ, ഗ്രാഫിക്സ് തുടങ്ങിവയായിരുന്നു നോകിയ മോഷ് വഴി വിതരണം ചെയ്തിരുന്നത്.

അതേസമയം, ഓണ്‍ലൈന്‍ മൊബൈല്‍ വിപണികള്‍ സജീവമായതോടെ നോകിയയ്ക്ക് പുതിയ സേവനം തുടങ്ങേണ്ടി വന്നു. ആപ്പിള്‍, ഗൂഗിള്‍, വിന്‍ഡോസ് എന്നീ കമ്പനികളുടെ ഓണ്‍ലൈന്‍ മൊബൈല്‍ സ്റ്റോര്‍ വഴി ഏറ്റവും പുതിയ സേവനങ്ങളാണ് നല്‍കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് മോഷിന് പകരമായി നൂതന സേവനങ്ങളുമായി നോകിയ ഒവി സ്റ്റോര്‍ തുടങ്ങുന്നത്. പുതിയ സ്റ്റോര്‍ മേയില്‍ തുടങ്ങുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :