1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Meta planning to layoff more than 15000 jobs

മെറ്റയിൽ വൻ പിരിച്ചുവിടൽ: 15,000-ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും

Meta Layoff
ആഗോള ടെക് ഭീമനായ മെറ്റാ പ്ലാറ്റ്ഫോംസ് വീണ്ടും വന്‍തോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ, തങ്ങളുടെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ നിന്ന് 15,000-ത്തിലധികം പേരെ കുറയ്ക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങളും പരസ്യ വരുമാനത്തിലെ ഇടിവുമാണ് കമ്പനിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
 
കഴിഞ്ഞ കുറച്ചു കാലമായി കമ്പനിയുടെ ലാഭവിഹിതത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ, കമ്പനിയുടെ സ്വപ്ന പദ്ധതിയായ 'മെറ്റാവേഴ്‌സി'നായി നടത്തിയ വന്‍ നിക്ഷേപങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കാത്തതും തിരിച്ചടിയായി. ചെലവ് ചുരുക്കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
 
വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെയും ആഗോളതലത്തിലുള്ള ഓഫിസുകളെയും ഈ തീരുമാനം ബാധിക്കും. കഴിഞ്ഞ വര്‍ഷവും മെറ്റ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാങ്കേതിക മേഖലയിലെ മറ്റ് പ്രമുഖ കമ്പനികളായ ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവരും സമാനമായ രീതിയില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ മെറ്റയുടെ ഈ പുതിയ നീക്കം ഐടി രംഗത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
 
2028 ആകുമ്പോഴേക്കും എഐ രംഗത്ത് ഡാറ്റ സെന്ററുകള്‍ നിര്‍മിക്കുന്നതിനാല്‍ 600 ബില്യണ്‍ ഡോളറാണ് മെറ്റ ചെലവാക്കുന്നത്. എ ഐ ഇന്‍ഫ്രാസ്ട്രക്ചറിനായുള്ള ഭീമമായ ചെലവുകളും എ ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലീനര്‍ ഓപ്പറേഷനുകളിലും മാറ്റങ്ങള്‍ കൊണ്ടുവരാനുമാണ് ജീവനക്കാരെ കുറയ്ക്കാന്‍ മെറ്റ പദ്ധതിയിടുന്നത്.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നിയമസഭ തെരഞ്ഞെടുപ്പ്: ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി നടി വീണ നായര്‍