1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Govt looks at naunced graded age based restrictions on social media for children

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം: പ്രായാധിഷ്ഠിത നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ

social media
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രായം അടിസ്ഥാനമാക്കിയുള്ള പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പൂര്‍ണ്ണ നിരോധനം കൊണ്ടുവരുന്നതിനേക്കാള്‍, പ്രായം അനുസരിച്ച് വ്യത്യസ്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ''ഗ്രേഡഡ് റെഗുലേഷന്‍'' മാതൃകയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 
 
സര്‍ക്കാരിന്റെ ചര്‍ച്ചകളില്‍ കുട്ടികളെ മൂന്ന് പ്രായ വിഭാഗങ്ങളായി വേര്‍തിരിക്കുന്നതും പരിഗണനയിലാണ്. 8-12 വയസ്, 12-16 വയസ്, 16-18 വയസ് എന്നീ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായി നിരോധിക്കുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്നാണ് സൂചന. അതിന് പകരം നിയന്ത്രിത ഉപയോഗം, സമയപരിധി, മാതാപിതാക്കളുടെ അനുമതി എന്നിവ ഉള്‍പ്പെടുത്തിയ നിയന്ത്രണ സംവിധാനമാണ് ആലോചനയില്‍. കുട്ടികള്‍ക്ക് ദിവസത്തില്‍ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കുന്നതോ, വൈകുന്നേരവും രാത്രിയിലും ലോഗിന്‍ ചെയ്യാന്‍ അനുവദിക്കാത്തതോ പോലുള്ള നിര്‍ദേശങ്ങളും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, പ്ലാറ്റ്ഫോമുകള്‍ക്ക് മാതാപിതാക്കളുടെ സ്ഥിരീകരിച്ച അനുമതി (parental consent) നിര്‍ബന്ധമാക്കുന്നതും പരിഗണിക്കപ്പെടുന്നുണ്ട്.
 
 
ഇതിനിടെ കര്‍ണാടക സര്‍ക്കാര്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടുണ്ട്, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാനുള്ള പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. 
 
കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ചകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയും നിയന്ത്രണങ്ങള്‍ ആലോചിക്കുന്നത്. ചില രാജ്യങ്ങള്‍ ഇതിനകം തന്നെ പ്രായപരിധി നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നത് സാങ്കേതികമായും നിയമപരമായും വെല്ലുവിളികള്‍ ഉണ്ടാക്കുമെന്നാണ് ചില വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രായം ശരിയായി സ്ഥിരീകരിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ നിയമം പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാകാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചൈന വീണ്ടും അമേരിക്കയെ തോല്‍പ്പിച്ചു! ഖത്തറിലും ബഹ്റൈനിലും ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന യുഎസ് റഡാറുകള്‍ ഇറാന്‍ നശിപ്പിച്ചു