അഭിറാം മനോഹർ|
Last Modified ഞായര്‍, 19 നവംബര്‍ 2023 (10:13 IST)
ചാറ്റ് ജിപിടി രൂപെപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച
സിഇഒ സാം ആള്‍ട്ട്മാനെ തന്നെ പുറത്താക്കി ഓപ്പണ്‍ എ ഐ. കമ്പനിയെ മുന്നില്‍ നിന്നും നയിക്കാനുള്ള കഴിവ് ആള്‍ട്ട്മാനില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഓപ്പണ്‍ എ ഐ സഹസ്ഥാപകരില്‍ ഒരാളായ ഗ്രെഗ് ബ്രോക്ക്മാന്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു.
സാം ആള്‍ട്ട്മാന്റെ ഒഴിവില്‍ കമ്പനി ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മൊറാട്ടിയാകും കമ്പനിയുടെ താത്കാലിക സി ഇ ഒയെന്ന് ഓപ്പണ്‍ എ ഐ അറിയിച്ചു. മനുഷ്യനെ പോലെതന്നെ പ്രതികരിക്കാനാവുന്ന ഗൂഗിളിന് പോലും വെല്ലുവിളിയുയര്‍ത്തിയ ടെക് ലോകത്തെ സംസാരവിഷയമായ ചാറ്റ് ജിപിടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് 38കാരനായ സാം ആള്‍ട്ട്മാനായിരുന്നു. കമ്പനി ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സ്ഥിരത പുലര്‍ത്താത്തതിനാല്‍ സാമിനോടുള്ള വിശ്വാസം നഷ്ടമായെന്നാണ് കമ്പനി നല്‍കുന്ന ഔദ്യോഗിക വിശദീകരണം.