2011ലെ വിവാദ ട്വീറ്റുകള്‍

WEBDUNIA| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2011 (19:29 IST)
സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ 2011ല്‍ ചെലുത്തിയ സ്വാധീനം നിര്‍ണ്ണായകമായിരുന്നു. അനവധി സെലിബ്രിറ്റികളുള്ള ട്വിറ്റര്‍ ലോകം ഗൌരവതരമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വേദിയായി. 2011ലെ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ച വിവാദ ട്വീറ്റുകളും റീ-ട്വീറ്റുകളും.

പൂനം പാണ്ഡെ

പൂനം പാണ്ഡെ എന്ന വിവാദ മോഡല്‍ മാധ്യമങ്ങളുടെ ഹോട്ട് താരമായത് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടേയായിരുന്നു. ടീം ഇന്ത്യ ലോകകപ്പ് നേടിയാല്‍ ഗ്രീന്‍ റൂമില്‍ ചെന്ന് താന്‍ തുണിയുരിയും എന്ന് പൂനം പ്രഖ്യാപിച്ചത് ട്വിറ്ററിലൂടെയായിരുന്നു. ഈ ട്വീറ്റിനെച്ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളും പ്രതിവാദങ്ങളും ചെറുതായിരുന്നില്ല. പബ്ലിസിറ്റി ഉദ്ദേശിച്ചാണ് താന്‍ ട്വീറ്റ് ചെയ്തതെന്ന് പൂനം തന്നെ പിന്നീട് വെളിപ്പെടുത്തി. താന്‍ കണക്കുകൂട്ടിയ രീതിയില്‍ തന്നെ കാര്യങ്ങള്‍ വന്നു എന്നും അവര്‍ ട്വീറ്റ് ചെയ്തു.

പൂനം അടങ്ങിയിരുന്നില്ല, സെപ്തംബറില്‍ ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പര നടക്കുമ്പോള്‍ പൂനം തന്റെ ബിക്കിനി ഫോട്ടോഷൂട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. താന്‍ നല്‍കുന്ന പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിക്കുമെന്ന ട്വീറ്റും അതോടൊപ്പം ഉണ്ടായിരുന്നു.

ചേതന്‍ ഭഗത്

ഇന്‍ഫോസിസ് ചെയര്‍മാനായിരുന്ന എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ അഭിപ്രായപ്രകടനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് എഴുത്തുകാരന്‍ ചേതന്‍ ഭഗത് രംഗത്തുവന്നു. ഐ ഐ ടി വിദ്യാര്‍ഥികളുടെ നിലവാരം താഴ്ന്നുവരികയാണ് എന്ന മൂര്‍ത്തിയുടെ അഭിപ്രായത്തോട് മുന്‍ ഐ ഐ ടി വിദ്യാര്‍ഥി കൂടിയായ ചേതന്‍ ഭഗത് പ്രതികരിച്ചു. ഇത് തികച്ചും വിരോധാഭാസമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സല്‍മാന്‍ റുഷ്ദി

അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ എഴുത്തുകാരന്‍ ഫേസ്ബുക്കിനോട് യുദ്ധം പ്രഖ്യാപിക്കാന്‍ ട്വിറ്റര്‍ വേദിയാക്കി. സല്‍മാന്‍ റുഷ്ദി എന്ന പേര് മാറ്റി അഹ്‌മദ് റുഷ്ദി എന്ന പേരില്‍ അക്കൌണ്ട് തുടങ്ങാന്‍ ഫേസ്ബുക്ക് അഭ്യര്‍ത്ഥിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. അപരന്മാര്‍ സല്‍മാന്‍ റുഷ്ദി എന്ന പേര് ഉപയോഗിച്ച് അക്കൌണ്ടുകള്‍ തുടങ്ങിയതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം.
പേര് മാറ്റാന്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക് അദ്ദേഹത്തിന്റെ അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തു. റുഷ്ദി ട്വീറ്റുകളിലൂടെ ഇതിനെതിരെ ആഞ്ഞടിച്ചു. ഒടുവില്‍ കീഴടങ്ങിയത് ഫേസ്ബുക്ക് തന്നെയായിരുന്നു.

തസ്‌ലീമ നസ്‌റീന്‍

വിവാദ എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍ നേപ്പാളിനേക്കുറിച്ച് ട്വിറ്ററില്‍ എഴുതിയത് സൃഷ്ടിച്ച പ്രതിഷേധം ചെറുതല്ല. പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നതിനാല്‍ തസ്‌ലീമക്ക് കാഠ്മണ്ഡുവിലേക്കുള്ള വിമാനത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തതാണ് പ്രശ്‌നമായത്. 'നേപ്പാളി സുഹൃത്തുക്കളെ എനിക്ക് കാഠ്മണ്ഡുവിലേക്കുള്ള വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ല. നേപ്പാള്‍ ഒരു വിദേശരാജ്യമായി ഞാന്‍ കരുതാത്തതിനാല്‍ പാസ്‌പോര്‍ട്ട് എടുക്കാതിരുന്നതാണ് പ്രശ്‌നമായത്' - എന്നായിരുന്നു തസ്‌ലീമയുടെ ട്വീറ്റ്.

നേപ്പാള്‍ ഇന്ത്യയുടെ ഭാഗമാണെന്ന വിധത്തില്‍ തസ്‌ലീമ ചിത്രീകരിച്ചുവെന്ന ആരോപണമാണ് ഇതേ തുടര്‍ന്ന് ഉണ്ടായത്. ട്വിറ്ററിലെ നിരവധി നേപ്പാള്‍ പൗരന്മാരാണ് ഇതിനെതിരെ രംഗത്തുവന്നത്.

ഒമര്‍ അബ്ദുള്ള

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതി അഫ്‌സല്‍ ഗുരുവിനേച്ചൊല്ലിയായിരുന്നു ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാദത്തിലായത്.
രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെയും പ്രമേയം പാസാക്കിയാലോ എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.

രാം ഗോപാല്‍ വര്‍മ

ബോളിവുഡില്‍ ഏറ്റവും വിവാദമായ ട്വീറ്റ് വന്നത് രാം ഗോപാല്‍ വര്‍മയുടെ വകയായിരുന്നു. അമിതാഭ് ബച്ചന്‍ ചിത്രമായ ‘ബുദ്ധാ ഹോ ഗയാ തേരാ ബാപ്പ്’ എന്ന ചിത്രത്തേക്കുറിച്ച് അസഭ്യം നിറഞ്ഞ ട്വീറ്റ് ആയിരുന്നു അത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :