മെഗാ‌അപ്‌ലോഡ് ബോസ് കിമ്മിന് ജാമ്യമില്ല

Kim
വെല്ലിംഗ്‌ടണ്‍| WEBDUNIA| Last Modified ബുധന്‍, 25 ജനുവരി 2012 (11:30 IST)
PRO
PRO
സിനിമകളും ടെലിവിഷന്‍ ഷോകളും സൌജന്യമായി കാണാന്‍ കോടിക്കണക്കിന് നെറ്റ് ഉപയോക്താക്കള്‍ ആശ്രയിച്ചിരുന്ന ‘ഫയല്‍ ഷെയറിംഗ്’ സൈറ്റായ മെഗാ‌അപ്‌ലോഡിന്റെ സ്ഥാപകനായ കിം ഡോട്ട്‌കോമിന്റെ ജാമ്യാപേക്ഷ ന്യൂസിലന്‍ഡ്‌ കോടതി തള്ളി. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ എഫ്‌ബി‌ഐയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ജനുവരി 20-നാണ്‌ കിമ്മിനെ ഓക്ക്‌ലാന്‍‌ഡില്‍ നിന്ന് ന്യൂസിലന്‍ഡ്‌ പോലീസ്‌ അറസ്റ്റു ചെയ്തത്‌.

മെഗാ‌അപ്‌ലോഡ് ചെയ്തത് ഒരു സംഭരണസ്ഥലം ഒരുക്കുക മാത്രമാണെന്നും ഇതിനെ പകര്‍പ്പവകാശ ലംഘനമായി കരുതരുതെന്നും കിമ്മിന്റെ വക്കീല്‍ വാദിച്ചെങ്കിലും കോടതിയത് തള്ളി. ജാമ്യത്തില്‍ വിട്ടാല്‍ കിം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ ഫെബ്രുവരി 22 വരെ റിമാന്‍ഡില്‍ വയ്ക്കാനാണ് ന്യൂസിലന്‍ഡ്‌ കോടതിയുടെ ഉത്തരവ്.

കിമ്മിനെ വിട്ടുകിട്ടുന്നതിനായി എഫ്‌ബി‌ഐ ഉടനെ തന്നെ ന്യൂസിലാന്‍‌ഡ് സര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നാണ്‌ സൂചന. പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തില്‍ കിമ്മിനെ കുരുക്കാനാണ് എഫ്‌ബി‌ഐയുടെ തന്ത്രമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. കിം ഒരു ക്രിമിനലാണെന്നും ഒന്നിലേറ പാസ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ഈയടുത്ത ദിവസമാണ്. മെഗാ‌അപ്‌ലോഡുമായി ബന്ധപ്പെട്ട്, വെര്‍ജിനിയയിലെ കോടതി 20 സെര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുകയും 18 ഡൊമെയ്‌ന്‍ പേരുകളും 50 മില്യണ്‍ യു‌എസ് ഡോളര്‍ വരുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തത്. അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ ക്രിമിനല്‍ പകര്‍പ്പവകാശ ലംഘനം എന്നാണ് കേസിനെ പറ്റി കോടതി നിരീക്ഷിച്ചത്.

പകര്‍പ്പവകാശ ലംഘനം നടത്തി മെഗാ‌അപ്‌ലോഡ് നടത്തുന്നവര്‍ ഉണ്ടാക്കിയത് 175 മില്യണ്‍ യു‌എസ് ഡോളറാണെന്നും ഇവരുടെ ചെയ്തികള്‍ കൊണ്ട് വിവിധ കമ്പനികള്‍ക്ക് 500 മില്യണ്‍ യു‌എസ് ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നുമാണ് ആരോപണം. തിയേറ്ററുകളില്‍ എത്തുംമുമ്പ്‌ തന്നെ സിനിമകള്‍ ഈ സൈറ്റ്‌ വഴി ഷെയര്‍ ചെയ്യപ്പെടാറുണ്ടെന്നും ആരോപണമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :