ബ്ലാക്ക്‌ബെറി പ്ലേബുക്കിന് വന്‍ വില്‍‌പന

WEBDUNIA| Last Modified തിങ്കള്‍, 2 ജനുവരി 2012 (13:23 IST)
ബ്ലാക്ക്‌ബെറി ഫോണ്‍ നിര്‍മാതാക്കളായ റിസെര്‍ച്ച് ഇന്‍ മോഷന്‍ (റിം) പുറത്തിറക്കിയ പ്ലേബുക്കുകള്‍ വിപണിയില്‍ കിട്ടാനില്ല. ഉത്സവകാല ഓഫറിന്റെ ഭാഗമായി പ്ലേബുക്കിന്റെ വിലയില്‍ അമ്പത് ശതമാനത്തോളം കുറവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വന്‍ വില്‍‌പന നടന്നത്. വെറും നാല് ദിവസത്തിനുള്ളില്‍ 12,000 പ്ലേബുക്കുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്.

പ്ലേബുക്കിന്റെ സവിശേഷതകള്‍

ഏഴ് ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 1024x60 റെസല്യൂഷന്‍, 1 ജിഗാഹെഡ്‌സ് ഡ്യൂല്‍ കോര്‍ പ്രൊസസ്സര്‍, 16 തൊട്ട് 64 ജിബി വരെ റാം കപ്പാസിറ്റി തുടങ്ങിയ സവിശേസ്തകളോട് കൂടിയാണ് ബ്ലാക്ക്‌ബെറിയുടെ പ്ലേബുക്ക് ടാബ്‌ലറ്റുകള്‍ എത്തിയിരിക്കുന്നത്. 5 മെഗാപിക്‌സല്‍ ക്യാമറയും 3 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി ക്യാമറയും ഇതിലുണ്ട്. ഇതിനെല്ലാം പുറമെ വൈഫൈയും. വെബ് ബ്രൗസിങ്, മള്‍ട്ടി ടാസ്കിങ്, എച്ച്ഡി മള്‍ട്ടിമീഡിയ എന്നീ സൗകര്യങ്ങളും ഇതിലുണ്ട്.

ഇപ്പോഴത്തെ വില

ജൂണിലാണ് പ്ലേബുക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 16 ജിബി വെര്‍ഷനു 13,490 രൂപ നല്‍കിയാല്‍ മതി. ഓഫര്‍ പ്രഖ്യാപനത്തിനു മുന്‍പ് ഇത് 27,990 രൂപയായിരുന്നു. 32ജിബി, 64 ജിബി വെര്‍ഷനുകളുടെ വിലയും കുറച്ചിട്ടുണ്ട്. 32ജിബി പ്ലേബുക്കിനിപ്പോള്‍ വില 15,990 രൂപയാണ് (മുമ്പത്തെ വില, രൂ. 32,990), 64 ജിബി മോഡലിനാകട്ടെ 24,490 രൂപയും (മുമ്പത്തെ വില, രൂ. 37,990).

എന്താണ് ടാബ്‌ലറ്റ് പിസികള്‍

വെറുതെയിരുന്ന് മുഷിയാതിരിക്കാന്‍ കൈയില്‍ കരുതാന്‍ ഏറ്റവും അനുയോജ്യമായ ഗാഡ്ജറ്റുകളാണ് ടാബ്‌ലറ്റ് പിസികള്‍. നെറ്റും വീഡിയോ പ്ലേയറും ബുക്ക് റീഡറും ഗെയിമുകളും തൊട്ട് നിങ്ങളെ ബോറടിപ്പിക്കാതിരിക്കാന്‍ എന്തൊക്കെ വേണമോ അതൊക്കെ ടാബ്‌ലറ്റ് പിസികളില്‍ ഉണ്ടാകും. നെറ്റ്ബുക്ക്, ലാപ്പ്ടോപ്പ് എന്നിവയെ അപേക്ഷിച്ച് ഏറെ നേരം ബാറ്ററി ലൈഫ് കിട്ടുന്നവയാണ്‌ ഇവ. മിക്കവയും 5 മുതല്‍ 14 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ഓഫര്‍ ചെയ്യുന്നു.

വിപണിയിലെ വമ്പന്‍ ബ്രാന്‍ഡുകള്‍

സാംസങ്ങിന്റെ ഗ്യാലക്സി ടാബ്, മോട്ടറോളയുടെ സൂം, എച്ച്‌ടിസിയുടെ ഫ്ലെയര്‍, എല്‍ജിയുടെ ഒപ്റ്റിമസ് പാഡ്, റിമ്മിന്റെ ബ്ലാക്ക്ബെറി പ്ലേബുക്ക്, എച്ച്‌പിയുടെ ടച്ച് പാഡ്, ഡെല്ലിന്റെ സ്ട്രീക്ക്, നോഷനിങ്കിന്റെ ആഡം എന്നിവയാണ് ടാബ്‌ലെറ്റ് പിസി വിപണിയിലെ പ്രധാന ബ്രാന്‍ഡുകള്‍. എന്നാല്‍ ‘കിംഗ്’ ഇപ്പോഴും ആപ്പിളിന്റെ ഐപാഡ് തന്നെ. ആപ്പിളിന്‍റെ ചൂടപ്പം പോലെ വിറ്റുപോകുന്ന ഐപാഡ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ റിമ്മിന്റെ പ്ലേബുക്കിന് കഴിയുമോ എന്ന് വരും നാളുകളില്‍ അറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :