പണ്ഡിറ്റിന് അരബുദ്ധിയെങ്കില്‍ യൂട്യൂബിന്?

WEBDUNIA|
PRO
PRO
സന്തോഷ് പണ്ഡിറ്റ് അതിബുദ്ധിമാനാണ് എന്നാണ് നാട്ടില്‍ മുഴുക്കെ സംസാരം. ‘നാട്ടുകാരുടെ സൈക്കി’ തനിക്ക് അറിയാമെന്ന് സന്തോഷ് പണ്ഡിറ്റും അവകാശപ്പെടുന്നു. ലക്ഷങ്ങളാണ് തന്റെ വീഡിയോ കാണാന്‍ യൂട്യൂബില്‍ കയറിയിറങ്ങുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ചാനലായ ചാനല്‍ മുഴുവന്‍ നടന്ന് പ്രസംഗിക്കുന്നുണ്ട് എങ്കിലും ഈയടുത്ത ദിവസം കൈരളി ടിവിയില്‍ സം‌പ്രേക്ഷണം ചെയ്ത “ടോക്ക് ഷോ”യില്‍ സന്തോഷിന്റെ ‘യൂട്യൂബ് അവകാശവാദങ്ങള്‍ക്ക്’ ചെറിയൊരു തിരിച്ചടി നേരിട്ടു.

സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ എന്ന സിനിമയും അതിലെ പാട്ടുകളും യൂട്യൂബ് ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയെന്ന് ഒരു പ്രചാരണം കഴിഞ്ഞ കുറേ മാസങ്ങളായി മാധ്യമങ്ങളിലൂടെ വന്നിരുന്നു. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് അപ്‌ലോഡ് ചെയ്ത വീഡിയോകളില്‍ നിന്ന് അഞ്ചുപൈസ പോലും സന്തോഷ് പണ്ഡിറ്റിന് ലഭിച്ചില്ല എന്നാണ് കൈരളി ടിവി സം‌പ്രേക്ഷണം ചെയ്ത ‘ടോക്ക് ഷോ’ തെളിയിച്ചത്.

സത്യത്തില്‍ യൂട്യൂബില്‍ നിന്ന് എന്തെങ്കിലും തടഞ്ഞോ എന്ന് ചോദിച്ച അവതാരകന് മുന്നില്‍ സന്തോഷ് പണ്ഡിറ്റ് ഉരുണ്ടുകളിക്കുകയായിരുന്നു. ‘ടോക്ക് ഷോ’യില്‍ പങ്കെടുത്ത മറ്റൊരാളാകട്ടെ യൂട്യൂബില്‍ സന്തോഷ് പണ്ഡിറ്റ് അപ്‌ലോഡുചെയ്ത വീഡിയോകളുടെ ഏകദേശക്കണക്ക് അവതരിപ്പിക്കുകയും ‘യൂട്യൂബില്‍ നിന്ന് പണം ലഭിക്കുന്ന തരത്തില്‍ ഒരു അക്കൌണ്ട്’ ഇതുവരെ സന്തോഷ് പണ്ഡിറ്റിന് ഇല്ലെന്ന് സമര്‍ത്ഥിക്കുകയുമായിരുന്നു.

തുടര്‍ന്ന് ‘എനിക്ക് പണം കിട്ടിയാലും ഇല്ലെങ്കിലും’ വീഡിയോ ഹിറ്റായില്ലേ എന്നൊരു മറുചോദ്യം ചോദിച്ച് തനിക്ക് പണം കിട്ടിയില്ലെന്ന് സന്തോഷ് പണ്ഡിറ്റ് സമ്മതിക്കുകയും ചെയ്തു. സന്തോഷ് പണ്ഡിറ്റിന് ‘യൂട്യൂബില്‍ കൊമേഴ്സ്യല്‍’ അക്കൌണ്ട് ഉണ്ടായിരുന്നുവെങ്കില്‍ ഏകദേശം അഞ്ചുലക്ഷം രൂപ സന്തോഷ് പണ്ഡിറ്റിന് ലഭിക്കുമായിരുന്നു എന്നാണ് ടോക്ക് ഷോയില്‍ പങ്കെടുത്ത് ഒരു സാങ്കേതിക വിദഗ്‌ധന്‍ പ്രതികരിച്ചത്. അപ്പോള്‍ സംഗതി ഇങ്ങനെയാണെങ്കില്‍ സന്തോഷ് പണ്ഡിറ്റിന് അരബുദ്ധിയെങ്കില്‍ യൂട്യൂബിന് മുക്കാല്‍ ബുദ്ധി!... അത്രതന്നെ!

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :