ആദ്യ ഇ-ജില്ലയാകാന്‍ കാസര്‍കോട്

മഞ്ചേശ്വരം| WEBDUNIA|
രാജ്യത്തെ ആദ്യ ഇ-ജില്ലയാകാന്‍ കാസര്‍കോട് ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ അക്കൗണ്ട് കമ്പ്യൂട്ടര്‍വത്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ ആദ്യവാരത്തോടെ കാസര്‍കോടിനെ ആദ്യ ഇ-ജില്ലയായി പ്രഖ്യാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വക്താവ് അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതികള്‍, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതു വഴി ലഭിക്കുന്ന നികുതി, സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്‍റുകള്‍, പ്ളാന്‍ ഫണ്ട് എന്നിവയുടെ സമഗ്രമായ അക്കൗണ്ടുകളാണ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നത്.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെയും അക്കൌണ്ടുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകും. തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ കമ്പ്യൂട്ടര്‍വത്കരിച്ചതിനുശേഷം മാര്‍ച്ച് ഒമ്പതിന് ഇതിന്‍െറ അവലോകനം നടത്തും. കാഷ് ബുക്ക്, ബാങ്ക് ബുക്ക്, ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഇവ വെബ്സൈറ്റില്‍ നല്‍കുക. ഇതുവഴി പൊതുജനങ്ങള്‍ക്കും മറ്റും തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിക്കും.

നിലവില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഇന്ത്യയിലെ പ്രഥമ ഇ-പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. ‘സാംഖ്യ’ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും സാങ്കേതിക സഹായത്തിന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് കേരള മിഷനുമാണ് ഓണ്‍ലൈന്‍ അക്കൗണ്ട് നടപ്പാക്കുന്നതിന്‍െറ ചുമതല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :