ആള്‍ദൈവങ്ങളെ വിശ്വസിക്കാമോ?

WD
വിശ്വാ‍സവും അന്ധവിശ്വാസവും മിത്തുകളും ഒക്കെ കൂടിച്ചേര്‍ന്ന ഒരു സംസ്കാരമാണ് ഭാരതത്തിന്‍റേത്. അതുകൊണ്ടു തന്നെ അത്ഭുതപ്രവൃത്തികള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും ഇവിടെ പഞ്ഞമില്ല. അത്തരം ഒരു ആള്‍ ദൈവത്തിന്‍റെ കഥയാണ് ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ പറയുന്നത്.

രാജസ്ഥാനിലെ ബാന്‍സ്‌വാ‍ദ ജില്ലയിലെ ചീഞ്ച് ഗ്രാമത്തിലെ സത്യനാം വിത്തല്‍ദാസ് എന്ന ആള്‍ദൈവമാണ് കഥയിലെ നായകന്‍. തനിക്ക് അമാനുഷ സിദ്ധികളുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. തന്‍റെ അത്ഭുതസിദ്ധികളെ കുറിച്ച് ജനങ്ങളുടെ ഇടയില്‍ പ്രചരണം നല്‍കാനായി ലഘുലേഖകളും സി ഡികളും ഇദ്ദേഹം അനുയായികള്‍ മുഖേന വിതരണം ചെയ്യുന്നു. എയിഡ്സ്, ആര്‍ബുദം തുടങ്ങിയ രോഗങ്ങളെല്ലാം ചികിത്സിച്ച് മാറ്റുമെന്നാണ് സി ഡി കളിലും ലഖുലേഖകളിലും ഇയാളുടെ അവകാശവാദം. അതും സൌജന്യമായി ആണ് ചികിത്സയെന്നും വാഗ്ദാനം ചെയ്യുന്നു.

ഗൃഹങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കത്തി ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിലൂടെ ആണ് ചികിത്സ എന്ന് സി ഡികളിലൂടെ കാണാം. സി ഡികള്‍ കാണുന്ന നിഷ്കളങ്കരായ ഗ്രാമീണരെ ആകര്‍ഷിക്കും വിധത്തിലാണ് രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സി ഡി കണ്ട് വിത്തല്‍ദാസിന്‍റെ ചികിത്സയില്‍ ആകൃഷ്ടനായ മധ്യപ്രദേശിലെ ‘സെം‌ലിയ ചാവു’ ഗ്രാമത്തിലെ സുരേഷ് ബഗാ‍ദി പറയുന്നത് ഇങ്ങനെ “ വിഡ്ഡികളുടെ രാ‍ജ്യമാണ് നമ്മുടേത്. ഈ വിഡ്ഡികളില്‍ ഒരാളാണ് ഞാന്‍.ഞാനും ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്‍റെ വലയില്‍ വീഴുകയുണ്ടായി”.

WD
വിത്തല്‍ദാസിന്‍റെ സിഡി സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ശസ്ത്രക്രിയ നടത്തുന്നതിലെ പൊള്ളത്തരം മനസിലാക്കാന്‍ കഴിയും. രോഗിയുടെ ഉദരത്തില്‍ നിന്ന് ഒരു ലോഹക്കഷണം ഇയാള്‍ പുറത്തെടുക്കുകയും രോഗം മാറിയതായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയക്ക് മുന്‍പ് ഒരു ലോഹക്കഷണം ഇയാള്‍ കൈക്കുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് രോഗിയുടെ ഉദരത്തില്‍ നിന്നെടുത്തതായി നടിക്കുകയുമാണ് ചെയ്യുന്നത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :