അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ജനുവരി 2026 (14:32 IST)
ഐപിഎല്‍ 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഹോം മത്സരങ്ങള്‍ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും മാറ്റി. ചിന്നസ്വാമിയില്‍ നടക്കേണ്ട മത്സരങ്ങള്‍ നവി മുംബൈയിലും റായ്പൂരിലുമാകും നടക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍സിബിയുടെ 5 ഹോം മത്സരങ്ങള്‍ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും 2 മത്സരങ്ങള്‍ റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തിലുമായിരിക്കും കളിക്കുക.
കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കിരീടവിജയത്തിന് ശേഷം നടന്ന ആഘോഷചടങ്ങുകള്‍ക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഈ മാറ്റം. 55,000 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന ഡി വൈ പാട്ടീല്‍ സ്റ്റേഡിയം മുന്‍പ് ഐപിഎല്ലിന് വേദിയായിട്ടുള്ള സ്റ്റേഡിയമാണ്.ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരമായി പുനെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവില്‍ മുംബൈയും റായ്പൂരും തിരെഞ്ഞെടുക്കുകയായിരുന്നു.