രേണുക വേണു|
Last Modified ചൊവ്വ, 15 ഏപ്രില്‍ 2025 (08:41 IST)
Chennai Super Kings: വയസനെന്നും ടീമിനു ഒരു ഗുണവും ചെയ്യാത്തവനെന്നും ട്രോളിയവര്‍ക്ക് മാസ് മറുപടി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായത് 42 കാരന്‍ നായകന്‍ തന്നെ.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ ഷെയ്ക് റഷീദ് (19 പന്തില്‍ 27), രചിന്‍ രവീന്ദ്ര (22 പന്തില്‍ 37) എന്നിവര്‍ നല്‍കിയ മികച്ച തുടക്കവും ശിവം ദുബെ (37 പന്തില്‍ പുറത്താകാതെ 43), എം.എസ്.ധോണി (11 പന്തില്‍ പുറത്താകാതെ 26) എന്നിവരുടെ മികച്ച കൂട്ടുകെട്ടുമാണ് ചെന്നൈയെ ജയിപ്പിച്ചത്.
നാല് ഫോറും ഒരു സിക്‌സും സഹിതം 236.36 സ്‌ട്രൈക് റേറ്റിലാണ് ധോണിയുടെ വിജയ ഇന്നിങ്‌സ്. മാത്രമല്ല വിക്കറ്റിനു പിന്നിലും ചെന്നൈ നായകന്‍ തിളങ്ങി. രണ്ട് ക്യാച്ചുകളും ഒരു റണ്‍ഔട്ടും ധോണിയുടെ പേരിലുണ്ട്. ഈ പ്രകടനങ്ങള്‍ കൂടി പരിഗണിച്ചാണ് ധോണിയെ കളിയിലെ താരമായി തിരഞ്ഞെടുത്തത്.
ഈ സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ ജയമാണിത്. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്കു ശേഷമാണ് ചെന്നൈയുടെ ലഖ്‌നൗവിനെതിരായ ആശ്വാസ ജയം. ഏഴ് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ജയത്തോടെ നാല് പോയിന്റുമായി പത്താം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.