‘മരണ ഡോക്ടര്‍ക്ക്‘ 7 വര്‍ഷം തടവ്

സിഡ്നി| WEBDUNIA| Last Modified വ്യാഴം, 1 ജൂലൈ 2010 (13:30 IST)
‘മരണ ഡോക്ടര്‍’ എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ജയന്ത് പട്ടേലിന് (60) ഓസ്ട്രേലിയന്‍ സുപ്രീംകോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശസ്ത്രക്രിയാ പിഴവ് മൂലം മൂന്ന് രോഗികള്‍ മരിച്ച കേസിലും ഒരാള്‍ ആജീവനാന്തം രോഗ ശയ്യയിലായ കേസിലും പട്ടേല്‍ കുറ്റക്കാരനാണെന്ന് ഓസ്ട്രേലിയന്‍ സുപ്രീംകോടതി കണ്ടെത്തിയിരുന്നു.

2003-2005 കാലഘട്ടത്തില്‍, തെക്കുകിഴക്കന്‍ ക്വീന്‍സ്‌ലാന്‍ഡിലെ ബുന്‍ഡാബെര്‍ഗ് ബേസ് ആശുപത്രിയില്‍ ശസ്ത്രക്രിയാ മേധാവി ആയിരിക്കെയാണ് പട്ടേല്‍ കുറ്റകരമായ അനാസ്ഥയിലൂടെ രോഗികളുടെ ജീവനെടുത്തത്. മെര്‍വിന്‍ മോറിസ്, ജെറാര്‍ഡസ് കെമ്പസ്, ജെയിംസ് ഫിലിപ്സ് എന്നിവരാണ് പട്ടേലിന്റെ അശ്രദ്ധകാരണം മരിച്ചത്. ഇയാന്‍ വവല്‍സ് എന്നയാളാണ് ശസ്ത്രക്രിയയിലൂടെ ശയ്യാവലംബിയായത്.

2008 ല്‍ യുഎസില്‍ വച്ചാണ് ജയന്ത് പട്ടേലിനെ അറസ്റ്റ് ചെയ്തത്. യുഎസില്‍ നിന്ന് ഓസ്ട്രേലിയയില്‍ വിചാരണയ്ക്ക് എത്തിച്ച പട്ടേലിനെ പൊലീസ് കസ്റ്റഡിയിലാണ് വിചാരണ പൂര്‍ത്തിയാവും വരെ സൂക്ഷിച്ചത്.

പട്ടേലിന്റെ രോഗികള്‍ക്ക് ശസ്ത്രക്രിയയുടെ അപകടത്തെ കുറിച്ച് വ്യക്തമായ ധാരണ നല്‍കിയിരുന്നു എന്ന് പട്ടേലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇപ്പോള്‍ നേരിടുന്ന ആരോപണത്തിന്റെ ഭ്രാന്തമായ പ്രചരണത്തിലൂടെ അദ്ദേഹത്തിന് ജോലിമാത്രമല്ല മനുഷ്യനാണെന്ന പരിഗണന പോലും നഷ്ടമായിരിക്കുന്നു എന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :