സ്വാതില്‍ വിധി പറയാന്‍ ‘ഖാസി’മാര്‍

മിങ്കോറ| WEBDUNIA| Last Modified വ്യാഴം, 16 ഏപ്രില്‍ 2009 (18:46 IST)
ഇസ്ലാമിക നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സ്വാതില്‍ കുറ്റകൃത്യങ്ങളിന്‍‌മേല്‍ വിധി പറയുന്നത് ‘ഖാസി’മാരായിരിക്കുമെന്ന് തെഹ്‌റിക് നിഫാസ്-ഇ- ശരിഅത്ത്-ഇ- മുഹമ്മദ് (ടി‌എന്‍‌എസ്‌എം) ചീഫ് സൂഫി മുഹമ്മദ് അറിയിച്ചു.

ഖാസിമാരുടെ വിധി രാജ്യത്തെ ഒരു ഉന്നത കോടതിയിലും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. മാല്‍ഖന്‍ഡ് മേഖലയിലെ ഇമാംദാര പ്രവിശ്യയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഹമ്മദ്.

സ്വാതിലെ സമാധാന ക്യാമ്പുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവിശ്യയിലെ വിവരാവകാശ മന്ത്രി ഇഫ്തിക്കര്‍ ഹുസൈനുമായി സൂഫി മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയില്‍ സമാ‍ധാനം ഉറപ്പുവരുത്തുന്നതിനും ശരിഅത്ത് നടപ്പിലാക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചു.

പ്രവിശ്യയില്‍ സമാധാ‍നം ഉറപ്പിക്കാന്‍ സൂഫി മുഹമ്മദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇഫ്തിക്കര്‍ ഹുസൈന്‍ പറഞ്ഞതായി ദി ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്വാത് താഴ്വര ഉള്‍പ്പെടുന്ന പാകിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ശരിഅത്ത് നടപ്പാക്കുന്നതിന് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :